തെരുവുനായ വിഷയത്തിൽ സുപ്രീംകോടതിയുടെ നോട്ടീസിന് മറുപടി നൽകാത്തതിനെ തുടർന്ന് കോടതി നിലപാട് കടുപ്പിച്ചു. കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർ നവംബർ 3-ന് നേരിട്ട് ഹാജരാകണം എന്ന് ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. കോടതിയുടെ നോട്ടീസിന് മുകളിൽ അവർ ഉറങ്ങുകയായിരുന്നു, എന്തുകൊണ്ടാണ് മറുപടി നൽകാതിരുന്നതെന്ന് ചീഫ് സെക്രട്ടറിമാർ നേരിട്ട് വിശദീകരിക്കണമെന്ന് നിർദ്ദേശിച്ചു. ചീഫ് സെക്രട്ടറിമാരെ ഓൺലൈനായി ഹാജരാകാൻ അനുവദിക്കണമെന്ന കേന്ദ്രത്തിന്റെ ആവശ്യം കോടതി തള്ളി.
തെരുവ് നായ പ്രശ്നത്തിൽ സ്വമേധയാ എടുത്ത കേസിലാണ് സുപ്രീംകോടതിയുടെ ഈ കർശന നിർദ്ദേശം. നായ്ക്കളെ ഷെൽട്ടർ ഹോമുകളിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട മുൻ ഉത്തരവിൽ ഓഗസ്റ്റ് 22-ന് മൂന്നംഗ ബെഞ്ച് പരിഷ്കാരങ്ങൾ വരുത്തിയിരുന്നു. ഇതിന്റെ ഭാഗമായി, എ.ബി.സി. ചട്ടങ്ങളുമായി ബന്ധപ്പെട്ട ദേശീയ നയരൂപീകരണത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ മറുപടി തേടി. എന്നാൽ, കേസ് പരിഗണിച്ചപ്പോൾ തെലങ്കാന, പശ്ചിമബംഗാൾ, ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ എന്നിവ ഒഴികെയുള്ള സംസ്ഥാനങ്ങൾ മറുപടി നൽകിയിരുന്നില്ല. ഇതാണ് കോടതിയെ ചൊടിപ്പിച്ചത്.
തെരുവുനായ ശല്യം ആവർത്തിക്കുന്നത് വിദേശരാജ്യങ്ങൾക്കു മുന്നിൽ ഇന്ത്യയുടെ പ്രതിച്ഛായ താഴ്ന്നുപോകാൻ കാരണമാകുന്നുണ്ടെന്ന് കോടതി നിരീക്ഷിച്ചു. എന്നാൽ കോടതിയുടെ നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് ചില സംസ്ഥാനങ്ങളുടെ അഭിഭാഷകർ അറിയിച്ചു. ഇത്രയേറെ ചർച്ചയായ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് സംഭവം നിങ്ങളുടെ ശ്രദ്ധയിൽ പെട്ടില്ലേ എന്ന് കോടതി ചോദിച്ചു. ഈക്കാര്യത്തിൽ വീഴച്ചയുണ്ടായിയെന്ന് നിരീക്ഷിച്ചാണ് കോടതി കർശന നിലപാട് എടുത്തത്. നായ്ക്കൾക്കെതിരായ ക്രൂരതയെക്കുറിച്ച് അഭിഭാഷകൻ പരാമർശിച്ചപ്പോൾ മനുഷ്യരോടുള്ള ക്രൂരതയെക്കുറിച്ച് എന്താണ് പറയാനുള്ളത് എന്ന് കോടതി ചോദിച്ചു. രാജ്യമെമ്പാടുമുള്ള ഈ പ്രശ്നത്തിന് സുപ്രീംകോടതിയുടെ ശക്തമായ ഇടപെടൽ പരിഹാരത്തിന് വഴിയൊരുക്കുമോ എന്നാണ് ഇനി അറിയേണ്ടത്.