ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിൽ സൂപ്പർ താരം വിരാട് കോഹ്‌ലി രണ്ട് സെഞ്ച്വറികളെങ്കിലും നേടുമെന്ന് പ്രവചിച്ച് മുൻ ഇന്ത്യൻ താരം ഹർഭജൻ സിംഗ്. ഈ മാസം 19-ന് ആരംഭിക്കാനിരിക്കുന്ന മൂന്ന് മത്സരങ്ങളുടെ പരമ്പരയ്ക്ക് മുന്നോടിയായാണ് ഹർഭജൻ ഈ വമ്പൻ പ്രവചനം നടത്തിയത്.
കോഹ്‌ലിയുടെ കായികക്ഷമതയെക്കുറിച്ചും ഹർഭജൻ വാചാലനായി. ‘ദയവായി ആരും വിരാട് കോഹ്‌ലിയുടെ ഫിറ്റ്നസിനെക്കുറിച്ച് ചോദിക്കരുത്. കാരണം, ഫിറ്റ്നസിന്റെ കാര്യത്തിൽ അവൻ ഒരു ഗുരുവാണ്. അവൻ ചെയ്യുന്ന കാര്യങ്ങളാണ് മറ്റുള്ളവരെല്ലാം പിന്തുടരുന്നത്. അതുകൊണ്ട് തന്നെ ഫിറ്റ്നസിനെക്കുറിച്ച് ആരും ആശങ്കപ്പെടേണ്ട കാര്യമില്ല. മികച്ച ഫിറ്റ്നസിനൊപ്പം ഉജ്ജ്വലമായ പ്രകടനവും കോലിയിൽ നിന്ന് പ്രതീക്ഷിക്കാം,’ ഹർഭജൻ സിംഗ് കൂട്ടിച്ചേർത്തു.
ഇന്ത്യൻ ജേഴ്സിയിൽ വിരാട് കോഹ്‌ലിയും രോഹിത് ശർമയും വലിയ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തുന്നതിനായി ആരാധകർ ആകാംഷയോടെ കാത്തിരിക്കുകയാണ്. കഴിഞ്ഞ ചാമ്പ്യൻസ് ട്രോഫി ഫൈനലിലാണ് ഇരുവരും അവസാനമായി ഏകദിനം കളിച്ചത്. ഇതിനിടെ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ച ഇരുതാരങ്ങളും ഉടൻ ഏകദിനത്തിൽ നിന്നും വിരമിച്ചേക്കും എന്ന അഭ്യൂഹങ്ങൾ ശക്തമാണ്.
ഓസ്‌ട്രേലിയക്കെതിരായ ഈ പരമ്പരയിലെ പ്രകടനം ഇരുവരുടെയും ഭാവി കരിയറിന് നിർണായകമാകും. അതിനാൽ, 2027-ൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിൽ ഈ സൂപ്പർ താരങ്ങൾ ഇന്ത്യൻ ടീമിൽ ഉണ്ടാകുമോ എന്നത് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു.