+

മലപ്പുറത്തുകാരാരെങ്കിലും താങ്കളെ പറ്റിച്ചിട്ടുണ്ടോ? അവര്‍ കലര്‍പ്പില്ലാത്ത സ്‌നേഹമുള്ളവരാണ് നടേശന്‍ സാര്‍'; കെടി ജലീല്‍

മലപ്പുറത്തുകാര്‍ കലര്‍പ്പില്ലാത്ത സ്‌നേഹമുള്ളവരാണ്.

 മലപ്പുറം വിരുദ്ധ പരാമര്‍ശം നടത്തിയ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വിമര്‍ശിച്ച് കെ ടി ജലീല്‍ എംഎല്‍എ. മലപ്പുറംകാരില്‍ നിന്ന് ഏതെങ്കിലും തരത്തില്‍ ദുരനുഭവം ഉണ്ടായിട്ടുണ്ടോയെന്ന് കെ ടി ജലീല്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു.' താങ്കള്‍ക്ക് വല്ല ദുരനുഭവങ്ങളും മലപ്പുറത്തുകാരില്‍ നിന്ന് ഉണ്ടായിട്ടുണ്ടോ? മലപ്പുറത്തുകാരാരെങ്കിലും താങ്കളെ പറ്റിച്ചിട്ടുണ്ടോ? അവരാരെങ്കിലും അങ്ങയെ സാമ്പത്തികമായി വഞ്ചിച്ചിട്ടുണ്ടോ? മലപ്പുറത്തുകാര്‍ കലര്‍പ്പില്ലാത്ത സ്‌നേഹമുള്ളവരാണ്. അവരോട് കുറച്ചു ദിവസം ഇടപഴകിയാല്‍ താങ്കളുടെ എല്ലാ തെറ്റിദ്ധാരണകളും മാറുമെന്നും കെ ടി ജലീല്‍ കുറിച്ചു. പറ്റിയ പിശക് തിരുത്താന്‍ താങ്കള്‍ മടി കാണിക്കാത്ത ആളാണെന്നത് തനിക്ക് അറിയാമെന്നും അതുകൊണ്ട് തന്നെ മലപ്പുറത്തുകാരെ സംബന്ധിച്ച് ബോധപൂര്‍വ്വമല്ലാതെ പറഞ്ഞ വാക്കുകളില്‍ വന്ന അബദ്ധം മനസ്സിലാക്കി തിരുത്തുമെന്ന് തനിക്കുറപ്പാണെന്നും കെ ടി ജലീല്‍ പറഞ്ഞു.

കെ ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം


പ്രിയപ്പെട്ട വെള്ളാപ്പള്ളി സാറിന്,

ക്ഷേമം നേരുന്നു. ശ്രീനാരായണീയ പ്രസ്ഥാനത്തിന്റെ അമരക്കാരനാണ് താങ്കള്‍. കേരളത്തിലെ അറിയപ്പെടുന്ന വ്യവസായ പ്രമുഖന്‍. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചെയര്‍മാന്‍. കഠിനാധ്വാനത്തിലൂടെ ഉയര്‍ന്ന്, സാമൂഹ്യ രംഗത്ത് പ്രശസ്തനായ വ്യക്തി. ലക്ഷക്കണക്കിന് അനുയായികളുള്ള എസ്.എന്‍.ഡി.പി യുടെ സമുന്നത നേതാവ്. എല്ലാവരും ബഹുമാനിക്കുന്ന വ്യക്തിത്വം. ഈ നിലകളിലെല്ലാം അറിയപ്പെടുന്ന താങ്കളില്‍ നിന്ന് ഒരിക്കലും ഉണ്ടാകരുതായിരുന്ന വാചകങ്ങളാണ്, അങ്ങയുടേത് എന്ന പേരില്‍ വാര്‍ത്തകളിലും സാമൂഹ്യമാധ്യമങ്ങളിലും പ്രചരിച്ചു കൊണ്ടിരിക്കുന്നത്.

''മലപ്പുറം, പ്രത്യേക രാജ്യം. ചിലപ്രത്യേക ആളുകളുടെ സംസ്ഥാനം' എന്ന് താങ്കള്‍ പ്രസ്താവന നടത്തിയതായാണ് 'റിപ്പോര്‍ട്ടര്‍' ടി.വി വാര്‍ത്ത നല്‍കിയിരിക്കുന്നത്. ഞാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്താണ്, കൊല്ലത്ത് ആരംഭിച്ച ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയുടെ വി.സിയായി ഡോ: മുബാറക് പാഷയെ നിയമിച്ചതുമായി ബന്ധപ്പെട്ട് ഒരു പ്രസ്താവന താങ്കള്‍ നടത്തിയത്. രണ്ട് വര്‍ഷം മുമ്പ് താങ്കളുടെ വീട്ടിലെത്തി വിശദമായി നമ്മള്‍ അതേക്കുറിച്ച് സംസാരിച്ചു. വസ്തുത മനസ്സിലായപ്പോള്‍ പരസ്യമായിത്തന്നെ പിശക് തിരുത്തി. അന്ന് അങ്ങ് കാണിച്ച ആതിഥ്യമര്യാദ ഒരിക്കലും മറക്കില്ല. അങ്ങയുടെ തെറ്റിദ്ധാരണ മാറുകയും, അക്കാര്യം മാധ്യമങ്ങളോട് തുറന്നു പറയുകയും ചെയ്തു. തീര്‍ച്ചയായും താങ്കള്‍ കാണിച്ച മാതൃക അനുകരണീയമാണ്.

ഏറ്റവുമവസാനം തിരുവനന്തപുരത്ത് വെച്ച് ഇഫ്താറില്‍ കണ്ടുമുട്ടിയപ്പോഴും നമ്മള്‍ സൗഹൃദം പങ്കിട്ടത് ഓര്‍ക്കുന്നുണ്ടാകുമല്ലോ? മലപ്പുറത്തെ കുറിച്ച് അങ്ങ് നടത്തിയ പ്രസ്താവന ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കാന്‍ ഏറെ സാദ്ധ്യതയുണ്ടെന്ന് ഞാന്‍ ഭയപ്പെടുന്നു. 1967-ലെ ഇ.എം.എസ് സര്‍ക്കാര്‍ മലപ്പുറം ജില്ല രൂപീകരിച്ചപ്പോള്‍ അതിനെതിരെ ജനസംഘം ഉയര്‍ത്തിയ മുദ്രാവാക്യത്തിന് സമാനമാണ് താങ്കളുടെ വാക്കുകള്‍. കോണ്‍ഗ്രസ്സും എരിതീയില്‍ എണ്ണയൊഴിച്ച് മലപ്പുറം വിരുദ്ധ നീക്കത്തിന് ശക്തി പകര്‍ന്നു. അങ്ങയെപ്പോലെ ഒരു നേതാവില്‍ നിന്ന് താങ്കള്‍ നടത്തിയ പ്രസ്താവനയിലെ ചില വാക്കുകള്‍ ആരും പ്രതീക്ഷിച്ചതല്ല. പിന്നോക്ക വിഭാഗങ്ങള്‍ എന്ന നിലയില്‍ ഈഴവരും മുസ്ലിങ്ങളും ഒരുമിച്ച് നിന്ന് പോരാടിയ ചരിത്രമാണ് കേരളത്തിന്റേത്.

താങ്കള്‍ക്ക് വല്ല ദുരനുഭവങ്ങളും മലപ്പുറത്തുകാരില്‍ നിന്ന് ഉണ്ടായിട്ടുണ്ടോ? മലപ്പുറത്തുകാരാരെങ്കിലും താങ്കളെ പറ്റിച്ചിട്ടുണ്ടോ? അവരാരെങ്കിലും അങ്ങയെ സാമ്പത്തികമായി വഞ്ചിച്ചിട്ടുണ്ടോ? മലപ്പുറത്തുകാര്‍ കലര്‍പ്പില്ലാത്ത സ്‌നേഹമുള്ളവരാണ് നടേശന്‍ സാര്‍. അവരോട് കുറച്ചു ദിവസം ഇടപഴകിയാല്‍ താങ്കളുടെ എല്ലാ തെറ്റിദ്ധാരണകളും മാറും. അങ്ങൊരു ശുദ്ധ പ്രകൃതക്കാരനാണ്. പറ്റിയ പിശക് തിരുത്താന്‍ താങ്കള്‍ മടി കാണിക്കാത്ത ആളാണെന്നത് എന്റെ നേരനുഭവമാണ്. മലപ്പുറത്തുകാരെ സംബന്ധിച്ച് താങ്കള്‍ ബോധപൂര്‍വ്വമല്ലാതെ പറഞ്ഞ വാക്കുകളില്‍ വന്ന അബദ്ധം തിരുത്തുമെന്ന് എനിക്കുറപ്പാണ്.


മുസ്ലിംലീഗിലെ ഏഴാംകൂലികളായ മുന്‍ വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബിനെ പോലുള്ളവരുടെ പ്രതികരണങ്ങള്‍ താങ്കള്‍ അവഗണിക്കുക. പി.സി ജോര്‍ജെന്ന വര്‍ഗ്ഗീയക്കോമരത്തോടാണ് താങ്കളെ അദ്ദേഹം ഉദാഹരിച്ചിരിക്കുന്നത്. എന്നെയും ആ ഗണത്തിലാണ് വിവരമില്ലായ്മയുടെ ആള്‍രൂപം ചേര്‍ത്തു വെച്ചിരിക്കുന്നത്. ലീഗിന് പോലും വേണ്ടാത്ത മുടക്കാ ചരക്കുകളുടെ പദ പ്രയോഗങ്ങളെ ആ നിലക്ക് കണ്ടാല്‍ മതി. ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ സാദിഖലി തങ്ങളോ, അഖിലേന്ത്യാ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയോ എന്തെങ്കിലും പറഞ്ഞാല്‍ മാത്രമേ താങ്കള്‍ ഗൗനിക്കേണ്ടതുള്ളൂ. മലപ്പുറത്തുകാരെ വേദനിപ്പിച്ച താങ്കളുടെ പ്രസംഗഭാഗം അങ്ങ് തിരുത്തുമെന്ന വിശ്വാസത്തോടെ

സ്‌നേഹപൂര്‍വ്വം

ഡോ:കെ.ടി.ജലീല്‍

facebook twitter