
സിഡ്നിയിൽ നിന്നും ലണ്ടനിലേക്കും ന്യൂയോർക്കിലേക്കുമായി ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ വിമാന സർവീസ് നടത്താെനാരുങ്ങുകയാണ് ക്വാന്റാസ് എയർവേസ്. ‘പ്രൊജക്ട് സൺറൈസ്’ എന്നു പേരിട്ടിരിക്കുന്ന ഈ സർവീസ് 2027ൽ ആരംഭിച്ചേക്കും. പ്രത്യേകം ഡിസൈൻ ചെയ്ത എയർബസ് എ350-1000 വിമാനങ്ങളായിരിക്കും ഉപയോഗിക്കുക. 17,800 കിലോമീറ്റർ ദൂരമുള്ള സിഡ്നി-ലണ്ടൻ വിമാനയാത്രയ്ക്ക് 20 മണിക്കൂർ സമയമെടുക്കും.
ഈ വിമാനങ്ങളിൽ ഫസ്റ്റ്ക്ലാസ്, ബിസിനസ്, പ്രീമിയം ഇക്കോണമി, ഇക്കോണമി എന്നിങ്ങനെ നാലു വിഭാഗങ്ങളിലായി 238 യാത്രികർക്ക് സഞ്ചരിക്കാനാവും. സീറ്റുകളിൽ 40 ശതമാനത്തിലേറെയും പ്രീമിയം വിഭാഗത്തിൽ പെടുന്നവയാണെന്നതും ശ്രദ്ധേയമാണ്. മണിക്കൂറുകൾ നീളുന്ന ദീർഘ ദൂരയാത്രയായതിനാൽ യാത്രികർക്ക് കൂടുതൽ സൗകര്യങ്ങൾക്ക് പ്രാധാന്യം നൽകുന്നതുകൊണ്ടാണിത്.
ഏകദേശം ഒരു ദിവസത്തോളം നീളുന്ന ആകാശ യാത്രയായതിനാൽ യാത്രികർക്ക് ജെറ്റ് ലാഗ് പോലുള്ള പ്രശ്നങ്ങളേയും നേരിടേണ്ടി വരും. സിഡ്നി സർവകലാശാലയിലെ ചാൾസ് പെർകിൻസ് സെന്ററുമായി സഹകരിച്ച് വിദഗ്ധരുമായി സഹകരിച്ച് യാത്രികരുടെ ജെറ്റ് ലാഗ് പരമാവധി കുറക്കുന്നതിനായുള്ള ശ്രമങ്ങളും ക്വാന്റാസ് നടത്തുന്നു.