+

ഇതരജാതിക്കാരനെ പ്രണയിച്ചു; ആന്ധ്രയില്‍ 20 കാരിയെ മരത്തില്‍ കെട്ടിത്തൂക്കി പെട്രോളൊഴിച്ച് കത്തിച്ച് പിതാവ്

മാര്‍ച്ച് ഒന്നിന് അനന്തപൂര്‍ ജില്ലയിലെ കസപുരം ഗ്രാമത്തില്‍ വെച്ചായിരുന്നു കൊലപാതകം നടന്നത്.

ആന്ധ്രയില്‍ വീണ്ടും ദുരഭിമാനക്കൊല. ഇതരജാതിയിലുള്ള യുവാവിനെ പ്രണയിച്ചെന്നാരോപിച്ച് മകളെ മരത്തില്‍ കെട്ടി തൂക്കി പെട്രോള്‍ ഒഴിച്ച് കത്തിച്ച് അച്ഛന്‍. ബിരുദ വിദ്യാര്‍ത്ഥിനിയായ 20-കാരി ഭാരതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കൊല്ലപ്പെട്ട ഭാരതിയുടെ പിതാവ് രാമഞ്ജനേയല്ലു പൊലീസില്‍ കീഴടങ്ങി. കുടുംബത്തിന്റെ മാനം രക്ഷിക്കാനാണ് കൊല നടത്തിയതെന്നാണ് പൊലീസില്‍ കീഴടങ്ങിയ രാമഞ്ജനേയല്ലു പറഞ്ഞത്.


മാര്‍ച്ച് ഒന്നിന് അനന്തപൂര്‍ ജില്ലയിലെ കസപുരം ഗ്രാമത്തില്‍ വെച്ചായിരുന്നു കൊലപാതകം നടന്നത്. ഇതരജാതിയിലുള്ള യുവാവുമായി അഞ്ച് വര്‍ഷമായി ഭാരതി പ്രണയത്തിലായിരുന്നു. യുവാവിനെ മാത്രമേ വിവാഹം കഴിക്കുവെന്ന് പെണ്‍കുട്ടി ശഠിച്ചു. വീട്ടുകാര്‍ വിവാഹത്തെ ശക്തമായി എതിര്‍ത്തതിനെ തുടര്‍ന്ന് പെണ്‍കുട്ടി ആത്മഹത്യാ ഭീഷണി മുഴക്കുകയും, അമ്മയോട് ഏറെ നാളായി മിണ്ടിയിരുന്നില്ല എന്നും റിപ്പോര്‍ട്ടുണ്ട്. മാര്‍ച്ച് 1ന് രാമഞ്ജനേയല്ലു ഹോസ്റ്റലില്‍ നിന്ന് പെണ്‍കുട്ടിയെ വിളിച്ചു കൊണ്ട് വരികയും ആളൊഴിഞ്ഞ പറമ്പില്‍ എത്തിക്കുകയുമായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ചു. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ മരത്തില്‍ കെട്ടിത്തൂക്കുകയും പിന്നീട് തീ കൊളുത്തി കൊല്ലുകയുമായിരുന്നു.

ലഘുഭക്ഷണങ്ങളും പ്രഭാതഭക്ഷണവും വിറ്റാണ് പ്രതി രാമഞ്ജനേയല്ലു ഉപജീവനം നടത്തിയിരുന്നത്. കൊല്ലപ്പെട്ട ഭാരതി കുര്‍ണൂലില്‍ രണ്ടാം വര്‍ഷ ബിരുദവിദ്യാര്‍ത്ഥിയാണ്. രാമഞ്ജനേയലുവിന്റെ നാല് പെണ്‍മക്കളില്‍ ഏറ്റവും ഇളയ മകളായിരുന്നു ഭാരതി.

Trending :
facebook twitter