ഷാര്‍ജയില്‍ ഫ്‌ലാറ്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കൊല്ലം സ്വദേശി അതുല്യ നേരിട്ടത് കൊടും ക്രൂരതയെന്ന് വെളിപ്പെടുത്തല്‍. അതുല്യ സുഹൃത്തിനയച്ച ശബ്ദ സന്ദേശം പുറത്ത് വന്നു.
തന്നെ അയാള്‍ ചവിട്ടി കൂട്ടി, ജീവിക്കാന്‍ പറ്റുന്നില്ലെന്നും ശബ്ദ സന്ദേശം. ഇത്രയൊക്കെ കാണിച്ചിട്ടും അയാള്‍ക്കൊപ്പം നില്‍ക്കേണ്ട അവസ്ഥയാണ്. ധൈര്യമില്ലാത്തത് കൊണ്ടാണ് ആത്മഹത്യ ചെയ്യാത്തതെന്നും അതുല്യ സുഹൃത്തിനയച്ച ശബ്ദ സന്ദേശത്തില്‍ പറയുന്നു.
അതുല്യയുടെ ഭര്‍ത്താവ് സതീഷിനെതിരെ കൂടുതല്‍ ആരോപണങ്ങളാണ് പുറത്ത് വരുന്നത്. അതുല്യയുടെ കല്യാണത്തിനുശേഷം പ്രശ്‌നങ്ങള്‍ ആരംഭിച്ചിരുന്നുവെന്നും സതീഷിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ള ദുരനുഭവങ്ങള്‍ തന്നോട് അതുല്യ പറഞ്ഞിട്ടുണ്ടെന്നും നാട്ടിലെ സുഹൃത്ത് വെളിപ്പെടുത്തുന്നു. വിവാഹം കഴിഞ്ഞതുമുതല്‍ പ്രശ്‌നമുണ്ടായിരുന്നുവെന്നും 17-ാം വയസിലാണ് അതുല്യയുടെ വിവാഹ നിശ്ചയം കഴിഞ്ഞതെന്നും 18-ാം വയസിലായിരുന്നു വിവാഹമെന്നും അതുല്യയുടെ സുഹൃത്ത്
പറഞ്ഞു. ശാരീരികവും മാനസികവുമായുള്ള പീഡനം തുടര്‍ന്നിരുന്നു. അതുല്യയ്ക്ക് സതീഷിനോട് വലിയ സ്‌നേഹമായിരുന്നു. ബുദ്ധിമുട്ടാണെങ്കില്‍ ബന്ധം ഉപേക്ഷിക്കാനും വീട്ടിലേക്ക് വരാനും വീട്ടുകാര്‍ പറഞ്ഞിരുന്നു. എന്നാല്‍, പലപ്പോഴും ചെയ്ത കാര്യങ്ങളൊന്നും ഓര്‍മയില്ലെന്നും പറ്റിപ്പോയെന്നുമൊക്കെ സതീഷ് മാപ്പ് പറഞ്ഞിരുന്നു. തുടര്‍ന്ന് വീണ്ടും സതീഷിനൊപ്പം ജീവിക്കാന്‍ അതുല്യ തീരുമാനിക്കുകയായിരുന്നുവെന്നും അതുല്യയുടെ സുഹൃത്ത് പറയുന്നു.