+

കൃത്യമായി ഭക്ഷണം നല്‍കി, പക്ഷേ പല്ല് തേക്കാന്‍ അനുവദിച്ചില്ല ; പാകിസ്ഥാന്‍ തടവിലായിരുന്ന സമയത്ത് നേരിട്ട ദുരിതങ്ങള്‍ തുറന്ന് പറഞ്ഞ് ബിഎസ്എഫ് ജവാന്‍

രാജ്യത്തെ സേവിക്കുന്നത് തുടരുമെന്നതില്‍ സംശയമില്ല എന്ന് ഭാര്യയായ രജനി പറഞ്ഞു.

പാകിസ്ഥാന്‍ തടവിലായിരുന്ന സമയത്ത് നേരിട്ട ദുരിതങ്ങള്‍ തുറന്ന് പറഞ്ഞ് ബിഎസ്എഫ് ജവാന്‍ പൂര്‍ണം കുമാര്‍ ഷാ. 21 ദിവസത്തിനു ശേഷമാണ് ജവാനെ പാകിസ്ഥാന്‍ മോചിപ്പിച്ചത്. പൂര്‍ണം കുമാര്‍ ഷായ്ക്ക് ഉറക്കം നിഷേധിക്കുകയും അന്താരാഷ്ട്ര അതിര്‍ത്തിയില്‍ ബിഎസ്എഫ് ജവാന്മാരുടെയും ഉദ്യോഗസ്ഥരുടെയും വിന്യാസത്തെക്കുറിച്ച് മിക്കവാറും എല്ലാ രാത്രിയും ചോദ്യം ചെയ്യുകയും ചെയ്തു. മൂന്നാഴ്ചത്തെ തടവിന് ശേഷം മോചിതനായ അദ്ദേഹം ബുധനാഴ്ച ഭാര്യ രജനിയുമായി ഫോണില്‍ സംസാരിച്ചപ്പോഴാണ് തന്റെ ദുരിതങ്ങള്‍ പങ്കുവെച്ചത്. ഏപ്രില്‍ 23ന് പഞ്ചാബിലെ ഫിറോസ്പൂര്‍ സെക്ടറിലെ അതിര്‍ത്തിയില്‍ ഡ്യൂട്ടിക്കിടെയാണ് ഷാ അറിയാതെ പാകിസ്ഥാന്‍ അതിര്‍ത്തി കടന്നുപോയത്. ഇത് കശ്മീരിലെ പഹല്‍ഗാമില്‍ ഭീകരാക്രമണം നടന്നതിന് തൊട്ടടുത്ത ദിവസമായിരുന്നു.

അദ്ദേഹം രാജ്യത്തെ സേവിക്കുന്നത് തുടരുമെന്നതില്‍ സംശയമില്ല എന്ന് ഭാര്യയായ രജനി പറഞ്ഞു. 17 വര്‍ഷമായി അദ്ദേഹം അത് ചെയ്യുന്നു. അദ്ദേഹം അത് ചെയ്യുന്നതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്. അദ്ദേഹം വീണ്ടും ഡ്യൂട്ടിക്ക് പ്രവേശിക്കുമെന്നും രജനി പറഞ്ഞു. തന്നെ ശാരീരികമായി പീഡിപ്പിച്ചിട്ടില്ലെങ്കിലും എല്ലാ രാത്രിയും ചോദ്യം ചെയ്തതിനാല്‍ മാനസികമായി തളര്‍ന്നതായി അദ്ദേഹം ഭാര്യയോട് പറഞ്ഞു. അതിര്‍ത്തി കാക്കുന്ന ഒരു അര്‍ദ്ധസൈനിക ജവാനായിട്ടല്ല, ചാരനായിട്ടാണ് അദ്ദേഹത്തെ പരിഗണിച്ചതെന്ന് തോന്നിയതായി രജനി പറഞ്ഞു. തടവില്‍ കഴിഞ്ഞിരുന്ന സമയത്ത് അദ്ദേഹത്തെ മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലേക്ക് മാറ്റി. അതിലൊന്ന് വിമാനത്താവളത്തിന് അടുത്താണെന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ വിമാനങ്ങളുടെ ശബ്ദം കേട്ടിരുന്നു.

അദ്ദേഹത്തിന് കൃത്യമായി ഭക്ഷണം നല്‍കി. പക്ഷേ പല്ല് തേക്കാന്‍ അനുവദിച്ചില്ല. സംസാരിച്ചപ്പോള്‍ അദ്ദേഹം വളരെ ക്ഷീണിതനാണെന്നും ഉറക്കം നഷ്ടപ്പെട്ടുവെന്നും മനസിലായതായി രജനി പറഞ്ഞു. പൂര്‍ണം കുമാറിന് ഉടന്‍ വീട്ടിലെത്താന്‍ അവധി ലഭിച്ചില്ലെങ്കില്‍ പത്താന്‍കോട്ടില്‍ പോയി അദ്ദേഹത്തെ കാണാന്‍ കുടുംബം ഉദ്ദേശിക്കുന്നുണ്ട്.ബുധനാഴ്ച വൈകുന്നേരം അട്ടാരി-വാഗാ അതിര്‍ത്തി വഴി പൂര്‍ണം കുമാര്‍ ഇന്ത്യയില്‍ തിരിച്ചെത്തി. അതിനുശേഷം അദ്ദേഹത്തിന് വൈദ്യപരിശോധന നടത്തുകയും പാകിസ്ഥാനിലെ കാര്യങ്ങള്‍ വിശദമായി ചോദിച്ച് അറിയുകയും ചെയ്തു. 

facebook twitter