
കാവിക്കൊടിയേന്തിയ 'ഭാരതാംബ' ചിത്ര വിവാദത്തില്‍ പോരിനുറച്ച് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. രാജ്ഭവനില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ചിത്രംവെച്ച് പൂജിച്ചതില്‍ പ്രതിഷേധിച്ച് വേദി വിട്ട വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന് ഗവര്‍ണര്‍ കത്ത് നല്കി. മന്ത്രി ശിവന്‍കുട്ടി പ്രോട്ടോക്കോള്‍ ലംഘിച്ചുവെന്നാണ് ഗവര്‍ണര്‍ പറയുന്നത്. കുട്ടികളുടെ മുന്നില്‍വെച്ച് ഭരണഘടനയുടെ തലവനെ മന്ത്രി ശിവന്‍കുട്ടി അപമാനിച്ചു. ക്രസമാധാന പ്രശ്നത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് കത്ത് നല്‍കിയതെന്നും ഗവര്‍ണര്‍ പറയുന്നു.
കാവി കളര്‍ എന്നത് ആര്‍എസ്എസിന്റേത് മാത്രമല്ലെന്നും ഗവര്‍ണര്‍ പറയുന്നു. ജവഹര്‍ലാല്‍ നെഹ്റു ഭരണഘടന നിയമ നിര്‍മാണ സഭയില്‍ അക്കാര്യം പറഞ്ഞിട്ടുണ്ടെന്നും ഗവര്‍ണര്‍ പറയുന്നു. 'ഭാരതാംബ' ഏതെങ്കിലുമൊരു രാഷ്ട്രീയ പാര്‍ട്ടിയുടെ ആശയമല്ല. മുഖ്യമന്ത്രി നല്കിയ കത്തിന് പിന്നീട് മറുപടി നല്‍കുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
ജൂണ്‍ പത്തൊന്പതിന് രാജ്ഭവനില്‍ സംഘടിപ്പിച്ച ഭാരത് സ്കൗട്ട് ആന്‍ഡ് ഗൈഡ്സ് രാജ്യപുരസ്കാര വേദിയില്‍ നിന്ന് അധ്യക്ഷത വഹിക്കേണ്ട മന്ത്രി വി ശിവന്‍കുട്ടി ഇറങ്ങിപ്പോയതായിരുന്നു വിവാദമായത്. പൊതുവിദ്യാഭ്യാസ വകുപ്പും രാജ്ഭവനും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയില്‍ ഗവര്‍ണര്‍ ആയിരുന്നു മുഖ്യാതിഥി. മുന്‍കൂട്ടി തയ്യാറാക്കിയ നോട്ടീസില്‍ കാവിക്കൊടിയേന്തിയ 'ഭാരതാംബ' ചിത്രത്തിന് മുന്നില്‍ വിളക്ക് കൊളുത്തലോ പുഷ്പാര്‍ച്ചനയോ ഉള്‍പ്പെടുത്തിയിരുന്നില്ല. എന്നാല്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ മന്ത്രിയെത്തിയപ്പോള്‍ ചിത്രത്തിന് മുന്നില്‍ വിളക്കുകൊളുത്തി പൂവിട്ട് പൂജിച്ച നിലയിലായിരുന്നു. അധ്യക്ഷ പ്രസംഗത്തില്‍ ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച മന്ത്രി, കുട്ടികളെ അഭിനന്ദിച്ച ശേഷം വേദി വിടുകയായിരുന്നു. തുടര്‍ന്ന് പലഘട്ടങ്ങളിലും മാധ്യമങ്ങളെ കണ്ട മന്ത്രി ഗവര്‍ണക്കെതിരെ നിലപാട് കടുപ്പിച്ചിരുന്നു.