പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് ദൃശ്യം 3. ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയിട്ടുണ്ടെന്നും അടുത്ത മാസം ഷൂട്ടിങ് ആരംഭിക്കുമെന്നും അറിയിച്ചിരിക്കുകയാണ് സംവിധായകൻ ജീത്തു ജോസഫ് അറിയിച്ചു. ഗലാട്ട പ്ലസ്സിന് നൽകിയ അഭിമുഖത്തിലാണ് ജീത്തു ജോസഫ് ദൃശ്യം 3യെക്കുറിച്ച് സംസാരിച്ചത്.
തിരക്കഥ പൂർത്തിയാക്കാൻ അഞ്ച് ഡ്രാഫ്റ്റുകൾ എടുത്തുവെന്നും, ആദ്യ ഡ്രാഫ്റ്റുകൾ തന്റെ മക്കൾ അംഗീകരിച്ചില്ലെന്നും സംവിധായകൻ പങ്കുവെച്ചു. ആദ്യ രണ്ട് ഭാഗങ്ങളെപ്പോലെ ഒരു ഹെവി ഇന്റലിജെന്റ് സിനിമയല്ല മൂന്നാം ഭാഗമെന്നും ജീത്തു ജോസഫ് വ്യക്തമാക്കി. ദൃശ്യം 2 പോലെ ഒരു ഹെവി ഇന്റലിജെന്റ് സിനിമ പ്രേഷകർ പ്രതീക്ഷിക്കരുതെന്നും അങ്ങനെയെങ്കിൽ നിരാശയാകും ഫലമെന്നും അദ്ദേഹം പറഞ്ഞു. ദൃശ്യത്തിന്റെ മൂന്നാം ഭാഗം പ്രേക്ഷകർക്ക് ഇഷ്ടപ്പെടുമെന്ന് ഉറപ്പാണെന്നും ജീത്തു ജോസഫ് പറഞ്ഞു.
'ദൃശ്യം 3 ഒരു നല്ല ചിത്രമായിരിക്കും. ബോക്സ് ഓഫിസ് കാര്യത്തെക്കുറിച്ച് എനിക്കറിയില്ല, പക്ഷേ കഥാപാത്ര വളർച്ചയെ ഞാൻ സ്വാഭാവികമായി സമീപിച്ചു, മോഹൻലാലിനെ ഒരു നടനായി കണക്കാക്കിയില്ല, പക്ഷേ ഞാൻ അദ്ദേഹത്തെ ജോർജ്ജ് കുട്ടിയായി കണക്കാക്കി, നാല് വർഷത്തിന് ശേഷം ജോർജ് കുട്ടിക്ക് എന്ത് മാറ്റങ്ങൾ സംഭവിക്കാം എന്നതാണ് ദൃശ്യം 3യിൽ' -ജീത്തു ജോസഫ് വ്യക്തമാക്കി. തിരക്കഥ പൂർണമായും പൂർത്തിയായെന്നും ഒരു യൂറോപ്പ് യാത്രക്കിടെയാണ് തിരക്കഥ എഴുതിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, സിനിമയുടെ ചിത്രീകരണം സെപ്റ്റംബർ പകുതിയോടെ തുടങ്ങുമെന്ന് ജീത്തു ജോസഫ് നേരത്തെ അറിയിച്ചിരുന്നു. പിന്നീട് ഒക്ടോബറിലായിരിക്കും ചിത്രീകരണമെന്ന് നിർമാണക്കമ്പനി വ്യക്തമാക്കി. സിനിമയുടെ ചിത്രീകരണം മലയാളത്തിലും ഹിന്ദിയിലും ഒരേസമയത്ത് തന്നെ തുടങ്ങണമെന്ന ആവശ്യമുയർന്നിരുന്നു. എന്നാൽ അക്കാര്യങ്ങളിൽ തീരുമാനമായിട്ടില്ലെന്ന് ജീത്തു ജോസഫ് വ്യക്തമാക്കി. ആദ്യം ഹിന്ദിയിൽ തുടങ്ങാൻ ചില ശ്രമങ്ങളുണ്ടായിരുന്നെങ്കിലും നിയമപരമായി നേരിടുമെന്നൊരു സൂചന നൽകിയതോടെ അവർക്ക് പിന്തിരിയേണ്ടിവന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സെപ്റ്റംബർ പകുതിയോടെ ദൃശ്യം 3 തുടങ്ങണമെന്നാണ് കരുതുന്നത്.
മലയാളത്തിൽ മോഹൻലാൽ നായകനാകുമ്പോൾ, അജയ് ദേവ്ഗണും വെങ്കിടേഷുമാണ് ഹിന്ദിയിലും തെലുങ്കിലും നായകന്മാർ. ദൃശ്യം എന്റെ കഥയാണ്. അതിന്റെ റൈറ്റ്സ് മറ്റൊരാൾക്കും നൽകിയിട്ടില്ല. തെലുങ്കിനും സ്ക്രിപ്റ്റ് നൽകാൻ സാധ്യതയുണ്ട്. തെലുങ്കിലെ നിർമാതാവ് ആശിർവാദുമായി സംസാരിച്ചിട്ടുണ്ടെന്നും ജീത്തു ജോസഫ് പറഞ്ഞു.