ഇത്തവണ മോദി സര്‍ക്കാര്‍ ബജറ്റ് പ്രഖ്യാപിച്ചപ്പോൾ താരമായത് മഖാനയെന്ന ഒരു വിത്ത് ആയിരുന്നു. മഖാനയുടെ ഉത്പാദനവും സംഭരണവും വിതരണവും വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രത്യേക ബോർഡ് തന്നെ പ്രഖ്യാപിക്കുകയായിരുന്നു ധനമന്ത്രി നിർമലാ സീതാരാമൻ. എന്നാല്‍ എന്താണ് മഖാന എന്ന് നമ്മളില്‍ പലര്‍ക്കും അറിയില്ല എന്നതാണ് സത്യം.
ഇന്ന് സൂപ്പര്‍മാര്‍ക്കറ്റുകളിലൊക്കെ തന്നെ സുലഭമാണ് മഖാന. ഫ്‌ലേവര്‍ ചേര്‍ത്തും ഫ്‌ലേവര്‍ ചേര്‍ക്കാതെയും മഖാന ലഭിക്കും. ഫോക്‌സ് നട്ട് അല്ലെങ്കില്‍ താമര വിത്ത് എന്ന് ഇത് അറിയപ്പെടുന്നു. പോഷകങ്ങളാല്‍ സമ്പുഷ്ടമായ മഖാന നിരവധി ആരോഗ്യഗുണങ്ങള്‍ ഉള്ളതാണ്. പ്രോട്ടീനുകളാല്‍ സമ്പന്നമാണ് മഖാന. പ്രോട്ടീന്‍ മാത്രമല്ല കാര്‍ബോഹൈഡ്രേറ്റ് ഫൈബര്‍, പൊട്ടാസ്യം, മഗ്‌നീഷ്യം, ഇരുമ്പ്, തുടങ്ങിയ ധാതുക്കള്‍ ഇവയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.
കൂടാതെ കലോറി വളരെ കുറവാണ് എന്നതാണ് ഇതിന്റെ മറ്റൊരു ഗുണം. ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ധൈര്യമായി മഖാന കഴിക്കാം. ഇതിലെ ഫൈബര്‍ വിശപ്പ് നിയന്ത്രിക്കും. അത്തരത്തില്‍ മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറയ്ക്കാനും സഹായിക്കും.
മഖാനയില്‍ കുറഞ്ഞ ഗ്ലൈസെമിക് സൂചികയാണുള്ളത്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു. മഖാനയിലെ മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ ഹൃദയാരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. ഇതില്‍ പ്രോട്ടീന്‍, നാരുകള്‍, മഗ്നീഷ്യം, പൊട്ടാസ്യം, ഫോസ്ഫറസ്, ഇരുമ്പ്, സിങ്ക് തുടങ്ങിയ ആവശ്യ പോഷകങ്ങളുണ്ട്. എല്ലുകളുടെ ആരോഗ്യം, ഇലക്ട്രോലൈറ്റ് ബാലന്‍സ് നിലനിര്‍ത്തല്‍ തുടങ്ങിയ വിവിധ ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഈ പോഷകങ്ങള്‍ക്ക് നിര്‍ണായക പങ്കാണുള്ളത്.
എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യുന്ന ഭക്ഷണമാണിത്. ഫ്ളേവനോയിഡുകളും പോളിഫെനോളുകളും പോലുള്ള ആന്റിഓക്‌സിഡന്റുകള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. ഈ ആന്റിഓക്‌സിഡന്റുകള്‍ കോശങ്ങളെ കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കുകയും വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യും. മഖാനയിൽ അടങ്ങിയിരിക്കുന്ന ഉയർന്ന പൊട്ടാസ്യം രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു.
ഉറക്കമില്ലായ്മ കൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് മഖാന വളരെ നല്ലതാണ്. നിത്യവും ഭക്ഷണത്തിൽ മഖാന ചേർക്കുന്നത് നല്ല ഉറക്കത്തിന് സഹായിക്കും. മാത്രമല്ല ഇത് ദഹനം ക്രമീകരിക്കാനും മലബന്ധം തടയാനും സഹായിക്കും.