+

ട്രെയിൻ യാത്രയിലെ ആരോഗ്യ ബോധവൽക്കരണം വൈറൽ; അഭിനന്ദനങ്ങളുമായി ആരോഗ്യമന്ത്രി വീണാ ജോർജ്

ആരോഗ്യ പ്രവർത്തകയുടെ ട്രെയിൻ യാത്രയിലെ ആരോഗ്യ ബോധവത്ക്കരണ വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് വീഡിയോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയും അവബോധം നൽകിയ ആലപ്പുഴ വൺ ഹെൽത്ത് ജില്ലാ മെന്ററായ പുലോമജയെ നേരിട്ട് വിളിച്ച് അഭിനന്ദിക്കുകയും ചെയ്തു.

ആരോഗ്യ പ്രവർത്തകയുടെ ട്രെയിൻ യാത്രയിലെ ആരോഗ്യ ബോധവത്ക്കരണ വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് വീഡിയോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയും അവബോധം നൽകിയ ആലപ്പുഴ വൺ ഹെൽത്ത് ജില്ലാ മെന്ററായ പുലോമജയെ നേരിട്ട് വിളിച്ച് അഭിനന്ദിക്കുകയും ചെയ്തു.

31 വർഷം ആരോഗ്യ വകുപ്പിൽ സേവനം അനുഷ്ഠിച്ചിരുന്ന വ്യക്തിയാണ് പുലോമജ. പ്രവർത്തന മികവിന് 2007ൽ ഏറ്റവും മികച്ച നഴ്സിനുള്ള സംസ്ഥാന അവാർഡും ലഭിച്ചിരുന്നു. 2018ൽ ആരോഗ്യ വകുപ്പിൽ നിന്നും വിരമിച്ച ശേഷം വൺ ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ജില്ലാ മെന്ററായി സേവനം അനുഷ്ഠിച്ച് വരികയാണ്. 

ആന്റിബയോട്ടിക് സാക്ഷര കേരളത്തിന്റെ ഭാഗമായി ആന്റിബയോട്ടിക്കുകൾ അമിതമായി ഉപയോഗിച്ചാലുള്ള ദോഷവശങ്ങളെപ്പറ്റി ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് വരികയായിരുന്നു. ആരോഗ്യ വകുപ്പ് അടുത്തിടെയാണ് എഎംആർ ബോധവത്ക്കരണം വിപുലമായ ജനകീയ പരിപാടിയായി ആരംഭിച്ചത്. വീട് വീടാനന്തരമുള്ള ജനകീയ ബോധവത്ക്കരണ പ്രവർത്തനങ്ങളിൽ മന്ത്രി വീണാ ജോർജും പങ്കെടുത്തിരുന്നു.

ഈ പ്രവർത്തനങ്ങൾക്കിടയിലാണ് പുലോമജ രണ്ട് ദിവസം അവധി എടുത്ത് മൂകാംബിക, ഉഡുപ്പി ക്ഷേത്രങ്ങളിൽ ദർശനത്തിന് പോയത്. ദർശനത്തിന് ശേഷം മംഗലാപുരം റെയിൽവേ സ്റ്റേഷനിൽ നിന്നും മാവേലി എക്സിപ്രസിൻ മടക്കയാത്ര ചെയ്യുമ്പോൾ ഒപ്പം യാത്ര ചെയ്തിരുന്ന കുറച്ച് അധ്യാപകരെ പരിചയപ്പെടാനിടയായി. രാത്രി ഭക്ഷണത്തിന് ശേഷം എല്ലാവരുമായി നാട്ടുകാര്യങ്ങൾ സംസാരിച്ചിരിക്കെ ആരോഗ്യ സംബന്ധിയായ ഒരു വിഷയം പങ്കിടാൻ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞപ്പോൾ എല്ലാവരും താൽപര്യം കാണിച്ചു. 

Health Minister Veena George with congratulations on health awareness on train journey

ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ് (എഎംആർ) കാലികപ്രസക്തിയുള്ള വിഷയമായതിനാൽ അതുതന്നെ തെരഞ്ഞെടുത്തു. വണ്ടിയുടെ ഇരമ്പലിനിടയിലും കഴിയുന്നത്ര ശബ്ദത്തിൽ ക്ലാസെടുത്തു. എല്ലാവരും ശ്രദ്ധയോടെ, അതിലേറെ അതിശയത്തോടെയാണ് ക്ലാസ് കേട്ടിരുന്നത്. ഇതെന്തന്നറിയാൻ മറ്റ് യാത്രക്കാരും ടിടിഇയും ഒപ്പം ചേർന്നു.

ആന്റിബയോട്ടിക് പോലെയുള്ള മരുന്നുകളുടെ ദുരുപയോഗം ഭാവിയിൽ ആ രോഗാണുക്കൾക്കെതിരെ ആന്റിബയോട്ടിക്കുകൾ പ്രവർത്തിക്കാത്ത സാഹചര്യത്തിലേക്ക് നയിക്കുമെന്നും വിവേകമില്ലാതെയുള്ള മരുന്ന് ഉപയോഗം വലിയ വിപത്ത് ക്ഷണിച്ചു വരുത്തുമെന്നുമുള്ള അറിവ് മറ്റുള്ളവർക്ക് കേൾക്കാൻ താത്പര്യമേകി. 

ബാക്ടീരിയ മൂലമുണ്ടാകുന്ന അസുഖങ്ങൾക്ക് മാത്രമാണ് ആന്റിബയോട്ടിക് മരുന്ന് ഫലപ്രദമെന്ന തിരിച്ചറിവ് അവരെ അതിശയപ്പെടുത്തി. കേട്ടിരുന്നവർ ഫോട്ടോകളും വീഡിയോയും എടുക്കുകയും ചെയ്തു. ആ വീഡിയോയാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്.

മന്ത്രി വീണാ ജോർജ് പുലോമജയെപ്പറ്റി പറഞ്ഞത് ഇപ്രകാരമാണ്. 'ശ്രീമതി പുലോമജ പറയുന്നത് എ.എം.ആർ. അഥവാ ആന്റിബയോട്ടിക്കുകൾക്കെതിരെ രോഗാണുക്കൾ ആർജിക്കുന്ന പ്രതിരോധത്തിന്റെ അപകടത്തെ കുറിച്ചാണ്, അതിനെതിരെ നാം ഓരോരുത്തരും ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചാണ്... സമർപ്പണം, ആത്മാർത്ഥത, ചെയ്യുന്ന പ്രവർത്തനത്തോടുള്ള ഇഷ്ടം, സാമൂഹിക പ്രതിബദ്ധത... പ്രിയപ്പെട്ട പുലോമജ, നിങ്ങളുടെ പ്രവർത്തനം ഹൃദയത്തെ സ്പർശിക്കുന്നതാണ്. അഭിമാനവും സന്തോഷവും പങ്കുവയ്ക്കട്ടെ.'

മന്ത്രി വിളിച്ച് അഭിനന്ദനങ്ങൾ അറിയിക്കുകയും യാത്രയെക്കുറിച്ചും ക്ലാസ് എടുക്കാൻ ഉണ്ടായ സാഹചര്യത്തെക്കുറിച്ചും വിശദമായി ചോദിച്ചു മനസിലാക്കിയതുമായി പുലോമജ പറഞ്ഞു. 'വീഡിയോ കണ്ടത് മാഡത്തിന്റെ കണ്ണ് നനയിച്ചു എന്ന് പറഞ്ഞത് എന്നിൽ അതിശയവും അതിലേറെ അഭിമാനവുമുണ്ടാക്കി. നേരിൽ കാണാം എന്ന് പറഞ്ഞവസാനിപ്പിച്ച ആ സംഭാഷണം, പ്രവർത്തന മേഖലയിൽ ഏറെ ആർജവത്തോടെ ഇനിയും മുന്നോട്ടുപോകാനുള്ള എന്നിലെ ആത്മവിശ്വാസം വർദ്ധിപ്പിക്കുക തന്നെ ചെയ്തു', എന്നാണ് തന്റെ അനുഭവ കുറിപ്പിൽ പുലോമജ പറയുന്നത്.

facebook twitter