കർക്കടകം ദുർഘടം എന്നും പഞ്ഞക്കർക്കടകം എന്നുമൊക്കെയാണ് പഴമക്കാർ പറയുന്നത് .മഴ പെയ്‌ത് പ്രകൃതിയും മനസും തണുക്കുമ്പോൾ ചെയ്യേണ്ട ചികിത്സയ്‌ക്ക് മൺസൂൺ ചികിത്സ എന്നും പേരുണ്ട്. ഇതിലൂടെ ശരീരത്തിലെ വിഷാംശം നീക്കി പ്രതിരോധശേഷി വർധിപ്പിക്കുകയാണ് .
വേനലിൽ നിന്ന് മഴയിലേക്ക് മാറുന്നതോടെ, ശരീരബലം കുറയുന്നതു വഴി നഷ്ടപ്പെടുന്ന പ്രതിരോധശേഷി കർക്കടക ചികിത്സയിലൂടെ വീണ്ടെടുക്കാൻ സാധിക്കുമെന്നാണ് വിശ്വാസം. മനുഷ്യശരീരത്തെ നിലനിർത്തുന്ന ത്രിദോഷങ്ങളായ വാത, പിത്ത, കഫങ്ങളുടെ സന്തുലിതാവസ്ഥ ഉറപ്പാക്കുന്ന ചികിത്സാരീതികളും പഥ്യാഹാരവുമാണ് കർക്കടക ചികിത്സ നിഷ്ക്കർഷിക്കുന്നത്.
വലിയ അസുഖങ്ങൾ മാറ്റുന്നതല്ല ഈ ചികിത്സ, എന്നാൽ അത് കുറക്കാനും അതിലൂടെ ശരീരത്തിനും മനസിനും തുടർ ഉന്മേഷം നൽകുന്നതുമാണ് കർക്കടക ചികിത്സ.വാത, പിത്ത, കഫ ദോഷങ്ങൾ നീക്കി സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കപ്പെടുന്നു.
കർക്കടകത്തിൽ വീട്ടിൽ തന്നെ ചെയ്യാവുന്ന സുഖചികിത്സയാണ് എണ്ണതേച്ചുകുളി. രക്തയോട്ടത്തിലുണ്ടാകുന്ന കുറവ്, പേശികൾക്കും എല്ലുകൾക്കും സംഭവിക്കുന്ന രൂപമാറ്റങ്ങൾ, സ്‌ഥാനഭ്രംശങ്ങൾ, നാഡികൾക്കുണ്ടാകുന്ന തളർച്ച, ശരീരക്ഷീണം തുടങ്ങിയവ പരിഹരിക്കാൻ എണ്ണതേച്ചുള്ള കുളി ഉത്തമം. ശരീരപ്രകൃതി മനസ്സിലാക്കി വേണം ഏതു തൈലമാണ് ഉപയോഗിക്കേണ്ടതെന്നു തീരുമാനിക്കാൻ.
സാധാരണയായി ധാന്വന്തരം തൈലമോ, വെളിച്ചെണ്ണയോ ഉപയോഗിച്ചാണു തേച്ചുകുളി. ശരീരത്തിൽ എണ്ണതേച്ചുപിടിപ്പിച്ച് അര മണിക്കൂറിനു ശേഷം ചെറു ചൂടുവെള്ളത്തിൽ കുളിക്കാം. ശരീരം ചൂടുവെള്ളത്തിലും തല തണുത്ത വെള്ളത്തിലുമാണു കഴുകേണ്ടത്. രാത്രി തണുത്ത വെള്ളത്തിൽ കുളിക്കുന്നതു പൂർണമായും ഒഴിവാക്കുന്നതാണു നല്ലത്. ദേഹത്തെ എണ്ണമെഴുക്കു നീക്കാൻ പയറുപൊടി ഉപയോഗിച്ചാൽ ത്വക്കിന് ആരോഗ്യവും സൗന്ദര്യവുമേറും.
സാധാരണയായി ധാന്വന്തരം തൈലമോ, വെളിച്ചെണ്ണയോ ഉപയോഗിച്ചാണു തേച്ചുകുളി. ശരീരത്തിൽ എണ്ണതേച്ചുപിടിപ്പിച്ച് അര മണിക്കൂറിനു ശേഷം ചെറു ചൂടുവെള്ളത്തിൽ കുളിക്കാം. ശരീരം ചൂടുവെള്ളത്തിലും തല തണുത്ത വെള്ളത്തിലുമാണു കഴുകേണ്ടത്. രാത്രി തണുത്ത വെള്ളത്തിൽ കുളിക്കുന്നതു പൂർണമായും ഒഴിവാക്കുന്നതാണു നല്ലത്. ദേഹത്തെ എണ്ണമെഴുക്കു നീക്കാൻ പയറുപൊടി ഉപയോഗിച്ചാൽ ത്വക്കിന് ആരോഗ്യവും സൗന്ദര്യവുമേറും.
പച്ചമരുന്നുകളും മരുന്നുപൊടികളും ചേർത്ത് ഒരു ചട്ടക്കൂടിനുള്ളിൽ ഇരുത്തി ശരീരത്തെ വിയർപ്പിക്കുന്നതാണ് ഈ രീതി. ഇതിലൂടെ ശരീരത്തിൽ അധികമുള്ള യൂറിക്കാസിഡ്, കൊളസ്ട്രോൾ എന്നിവ കുറയും. അത് മാത്രമല്ല വളരെ കാലം ശരീരത്തെ ഉന്മേഷത്തോടെ നിലനിർത്താനും കഴിയും.
കർക്കടക ചികിത്സയിലെ പ്രധാനപ്പെട്ട ഒരു ഭാഗമാണ് കിഴി. ആർത്രൈറ്റിസ്, സ്പോണ്ടിലൈറ്റിസ്, നടുവേദന, കായിക പരിശീലനത്തിനിടെ ഉണ്ടാകുന്ന പരിക്കുകൾ എന്നിവയ്ക്കും പ്രത്യേകിച്ച് സന്ധി വേദനകൾക്കും ഇലക്കിഴി വളരെ ഫലപ്രദമാണ്. വേപ്പെണ്ണ, ആവണ്ണക്കെണ്ണ, ഇന്തുപ്പ്, നാരങ്ങ, തേങ്ങ, ശതകുപ്പ പൊടി, മഞ്ഞൾപ്പൊടി, കോലകുലത്ഥം ചൂർണം എന്നിവയാണ് സാധാരണ രീതിയിൽ ഒരു കിഴി തയാറാക്കാൻ വേണ്ടത്. കിഴിയിലും നിരവധി വ്യത്യസ്ഥതയുണ്ട്. ഇലക്കിഴി, പൊടികിഴി, മാംസകീഴി എന്നിങ്ങനെയാണത്.
വിത്ത് ഇടാൻ മണ്ണ് പാകപ്പെടുത്തുന്നത് പോലെ തന്നെയാണ് രോഗങ്ങൾ മാറ്റാൻ ആയുർവേദ ചികിത്സയിലൂടെ ശരീരത്തെയും പാകപ്പെടുത്തുന്നത്. ഉഴിച്ചിലും കഷായ കുളിയും കിഴിയും നസ്യവും ഉണ്ടെങ്കിലും ചില സന്ദർഭങ്ങളിൽ നവര കിഴിയും ഉപയോഗിക്കും.സന്ധിവേദന, എല്ലുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങൾ ഇതിനൊക്കെ പരിഹാരം നൽകുന്നതാണ് നവരക്കിഴി. നവരയരി പാലിൽ പുഴുങ്ങി കിഴികെട്ടി, ഔഷധക്കൂട്ടിൽ മുക്കി ശരീരത്തിൽ തടവും.
കർക്കടക പരിപാലനത്തിന്‍റെ ഭാഗമായുള്ള ഭക്ഷണങ്ങളിൽ പ്രധാനപ്പെട്ടതാണ് കർക്കടക കഞ്ഞി.ഔഷധ സസ്യങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, ധാന്യങ്ങൾ എന്നിവയുടെ മിശ്രിതം ഉപയോഗിച്ചാണ് ഇത് തയ്യാറാക്കുന്നത്. ഇത് പോഷകസമൃദ്ധവും ചികിത്സാപരവുമായ ഭക്ഷണമാക്കി മാറ്റുന്നു. ദഹനം വർധിപ്പിക്കാൻ, അകം വിഷ വിമുക്തമാക്കാൻ, രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താൻ എന്നിവയ്ക്ക് കർക്കടക കഞ്ഞി പേരുകേട്ടതാണ്