തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നു. അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു . എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, വയനാട് ജില്ലകളിലാണ് അലർട്ട്. മറ്റു ജില്ലകളിൽ യെല്ലോ അലർട്ടാണ്. ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി ശക്തി പ്രാപിച്ചതിനെ തുടർന്നാണ് സംസ്ഥാനത്ത് മഴ കനക്കുന്നത്.
മണിമല നദിയിലെ കല്ലൂപ്പാറ സ്റ്റേഷനിൽ അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് കേന്ദ്ര ജല കമ്മീഷൻ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഏതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ലെന്നും തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.
വെള്ളിയാഴ്ച രാവിലെ എട്ടുമണി കണക്കുകൾ പ്രകാരം മുല്ലപെരിയാർ ഡാമിലെ ജലനിരപ്പ് 135.05 അടിയാണ്. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തമാണ്. മുല്ലപ്പെരിയാർ അണക്കെട്ട് തുറക്കുന്നതിനുള്ള മുന്നറിയിപ്പ് ജാഗ്രതാ നിർദേശം ഇടുക്കി ജില്ലാ ഭരണകൂടത്തിന് തമിഴ്നാട് നൽകി. ജലനിരപ്പ് ക്രമാതീതമായി ഉയർന്നാൽ ശനിയാഴ്ച അണക്കെട്ട് തുറക്കാനാണ് തമിഴ്നാട് തീരുമാനം. നിലവിലെ റൂൾകർവ് പ്രകാരം 136 അടി വെള്ളമാണ് തമിഴ്നാടിന് ജൂൺ 30 വരെ സംഭരിക്കാനാകുക.