തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടാണ്.
ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറിത്താമസിക്കണമെന്ന് നിര്‍ദേശമുണ്ട്. നദിക്കരകള്‍, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവരും അപകടസാധ്യത മുന്‍കൂട്ടി കണ്ട് അധികൃതരുടെ നിര്‍ദേശാനുസരണം മാറിത്താമസിക്കേണ്ടതാണ്.
കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടും മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലര്‍ട്ടുമാണ്.
കൂടാതെ, കാറ്റും മഴയും ശക്തമായതിനാല്‍ മരക്കൊമ്പുകള്‍ വീണോ മറ്റോ വൈദ്യുതിക്കമ്പികള്‍ പൊട്ടാനോ ചാഞ്ഞുകിടക്കാനോ സാധ്യതയുണ്ടെന്നും ജനം ജാഗ്രത പാലിക്കണമെന്നും കെ.എസ്.ഇ.ബി മുന്നറിയിപ്പും നൽകിയിട്ടുണ്ട്. രാത്രി കാലങ്ങളിലും പുലര്‍ച്ചെയും പുറത്തിറങ്ങുമ്പോള്‍ അതീവ ശ്രദ്ധ പുലര്‍ത്തണം.
പൊട്ടിവീണ ലൈനില്‍ മാത്രമല്ല, പരിസരങ്ങളിലും വൈദ്യുത പ്രവാഹം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ അടുത്ത് പോവുകയോ സ്പര്‍ശിക്കുകയോ ചെയ്യരുത്. സര്‍വീസ് വയര്‍, സ്റ്റേ വയര്‍, വൈദ്യുതി പോസ്റ്റുകള്‍ എന്നിവ സ്പര്‍ശിക്കാതിരിക്കാനും ശ്രദ്ധിക്കണം. വൈദ്യുതി അപകടമോ അപകട സാധ്യതയോ ശ്രദ്ധയില്‍പെട്ടാല്‍ എത്രയും വേഗം തൊട്ടടുത്ത കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫിസിലോ 9496010101 എന്ന എമര്‍ജന്‍സി നമ്പറിലോ അറിയിക്കണം.