കൊച്ചി: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. രണ്ട് വടക്കൻ ജില്ലകളിൽ അതിശക്ത മഴ മുന്നറിയിപ്പുണ്ട്. കാസർകോട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. നാളെ മുതൽ മഴ കൂടുതൽ വ്യാപകമാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. വെള്ളി,ശനി ദിവസങ്ങളിൽ നാലു ജില്ലകളിലും, ഞായറാഴ്ച ഏഴു ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കള്ളക്കടൽ ജാഗ്രത നിർദേശം
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ തീരങ്ങളിൽ (കാപ്പിൽ മുതൽ പൊഴിയൂർ വരെ) ഇന്നു രാവിലെ 05.30 മുതൽ നാളെ രാവിലെ 02.30 വരെ 1.6 മുതൽ 2.0 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
കന്യാകുമാരി തീരത്ത് (നീരോടി മുതൽ ആരോക്യപുരം വരെ) ഇന്നുരാത്രി 11.30 വരെ 1.4 മുതൽ 1.5 മീറ്റർ വരെ കള്ളക്കടൽ പ്രതിഭാസത്തിനു സാധ്യതയുണ്ട്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.
കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്. മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണ്ണമായി ഒഴിവാക്കേണ്ടതാണെന്നും ജാഗ്രതാ നിർദേശത്തിൽ പറയുന്നു.