+

മകളുടെ കഴുത്ത് ഞെരിച്ചത് വീട്ടുകാരുടെ മുന്നില്‍ വെച്ച്; തോര്‍ത്ത് കുരുക്കി മരണം ഉറപ്പാക്കി ; ഓമനപ്പുഴ കൊലപാതകത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനിടെയാണ് കൊലപാതകത്തിലെ കൂടുതല്‍ വിവരങ്ങള്‍ ജോസ്മോന്‍ പൊലീസിനോട് പങ്കുവെച്ചത്

ഓമനപ്പുഴ കൊലപാതകത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. വീട്ടുകാര്‍ക്ക് മുമ്പില്‍ വെച്ചാണ് പ്രതി ജോസ്‌മോന്‍ മകള്‍ ജാസ്മിന്റെ കഴുത്ത് ഞെരിച്ചതെന്ന വിവരമാണ് പുറത്ത് വരുന്നത്. ജാസ്മിന്‍ അബോധാവസ്ഥയില്‍ ആയ ശേഷം ഇയാള്‍ വീട്ടുകാരോട് മാറാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് കഴുത്തില്‍ തോര്‍ത്ത് കുരുക്കി മരണം ഉറപ്പാക്കുകയായിരുന്നു.


മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനിടെയാണ് കൊലപാതകത്തിലെ കൂടുതല്‍ വിവരങ്ങള്‍ ജോസ്മോന്‍ പൊലീസിനോട് പങ്കുവെച്ചത്. ജാസ്മിന്‍ പതിവായി വീട്ടിലേക്ക് വൈകി വരുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ആത്മഹത്യയെന്ന് വരുത്താന്‍ മൃതദേഹം കിടപ്പു മുറിയിലെ കട്ടിലില്‍ കിടത്തുകയും ചെയ്തു.
എന്നാല്‍ വീട്ടുകാര്‍ക്ക് വിവരമറിയാമായിരുന്നിട്ടും ഒരു രാത്രി മുഴുവന്‍ കൊലപാതക വിവരം മറച്ചുവെച്ചുവെന്നതും ഞെട്ടിക്കുന്നതാണ്. പിറ്റേ ദിവസമാണ് വീട്ടുകാര്‍ മരണ വിവരം പുറത്തറിയിക്കുന്നത്. അപ്പോഴും ആത്മഹത്യയെന്നായിരുന്നു കുടുംബം പറഞ്ഞത്. എന്നാല്‍ ഡോക്ടര്‍ക്ക് തോന്നിയ സംശയത്തിന്റെ പുറത്ത് പൊലീസിനെ അറിയിക്കുകയായിരുന്നു.

പിന്നാലെ നടന്ന ചോദ്യം ചെയ്യലില്‍ താന്‍ തനിച്ചാണ് മകളെ കൊലപ്പെടുത്തിയതെന്നും വീട്ടുകാര്‍ക്ക് വിവരം അറിയില്ലെന്നുമായിരുന്നു ജോസ്മോന്‍ പറഞ്ഞത്. എന്നാല്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം കൊലപാതകം നടത്തിയത് വീട്ടുകാര്‍ക്ക് മുന്നില്‍ വെച്ചാണെന്ന് ഇയാള്‍ സമ്മതിക്കുകയായിരുന്നു.
ജോസ്മോന്റെ അറസ്റ്റ് ഇന്നലെ തന്നെ പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ രണ്ടുമാസമായി സ്വന്തം വീട്ടിലാണ് ജാസ്മിനുണ്ടായിരുന്നത്. ഭര്‍ത്താവുമായി വഴക്കിട്ട് ജാസ്മിന്‍ ഇടയ്ക്കിടെ വീട്ടില്‍ വന്നു നില്‍ക്കുന്നത് പതിവായിരുന്നു. ഇത് ജോസ് ചോദ്യം ചെയ്തിരുന്നു.

facebook twitter