വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവ ഡോക്ടറുടെ പരാതിയില്‍ പ്രതികരിച്ച് റാപ്പര്‍ വേടന്‍. തന്നെ അപകീര്‍ത്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ പരാതിയെന്നും നിയമപരമായി മുന്നോട്ട് പോകുമെന്നും വേടന്‍ പ്രതികരിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കും. വൈകില്ല. ഉടന്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും വേടന്‍ പ്രതികരിച്ചു.
തന്നെ വേട്ടയാടുകയാണ്. ആസൂത്രിത നീക്കത്തിന് തെളിവുണ്ടെന്നും വേടന്‍ കൂട്ടിച്ചേര്‍ത്തു.
യുവ ഡോക്ടറുടെ പരാതിയില്‍ വേടനെതിരെ ഇന്നലെ രാത്രിയാണ് തൃക്കാക്കര പൊലീസ് കേസെടുത്തത്. വിവാഹ വാഗ്ദാനം നല്‍കി തന്നെ പലയിടങ്ങളില്‍ വെച്ച് പീഡിപ്പിച്ചുവെന്നും പിന്നീട് ബന്ധത്തില്‍ നിന്നും വേടന്‍ പിന്മാറിയെന്നുമാണ് യുവ ഡോക്ടര്‍ മൊഴി നല്‍കിയത്.
2021 ഓഗസ്റ്റ് മുതല്‍ 2023 മാര്‍ച്ച് വരെ വിവിധ സ്ഥലങ്ങളില്‍ വെച്ച് വേടന്‍ പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. ഇന്‍സ്റ്റഗ്രാമിലൂടെയാണ് വേടനുമായി സൗഹൃദം ആരംഭിച്ചതെന്നും പരിചയത്തിനൊടുവില്‍ കോഴിക്കോട്ടെ ഫ്‌ളാറ്റില്‍ വെച്ച് വേടന്‍ ബലാത്സംഗം ചെയ്തുവെന്നുമാണ് മൊഴി. 2023 ലാണ് വേടന്‍ തന്നെ ഒഴിവാക്കിയതെന്നും യുവതി പറയുന്നു. ടോക്‌സിക് ആണ്, സ്വാര്‍ത്ഥയാണ് എന്നുള്‍പ്പെടെ ആരോപിച്ചായിരുന്നു ഒഴിവാക്കല്‍ എന്നും ഡോക്ടറുടെ മൊഴിയിലുണ്ട്.