അനാശാസ്യകേന്ദ്രത്തിൽ പണം നൽകി ലൈംഗികബന്ധം : വേ​ശ്യാ​വൃ​ത്തി പ്രേരണക്കുറ്റം നിലനിൽക്കുമെന്ന്​ ഹൈകോടതി

11:15 AM Sep 10, 2025 |


കൊ​ച്ചി : അ​നാ​ശാ​സ്യ കേ​ന്ദ്ര​ത്തി​ലെ​ത്തി പ​ണം ന​ൽ​കി ലൈം​ഗി​ക ബ​ന്ധ​ത്തി​ലേ​ർ​പ്പെ​ടു​ന്ന​യാ​ൾ​ക്കെ​തി​രെ വേ​ശ്യാ​വൃ​ത്തി പ്രേ​ര​ണ​ക്കു​റ്റം നി​ല​നി​ൽ​ക്കു​മെ​ന്ന്​ ഹൈ​കോ​ട​തി. ലൈം​ഗി​ക​ത്തൊ​ഴി​ലാ​ളി ഒ​രു ഉ​ൽ​പ​ന്ന​മ​ല്ലാ​ത്ത​തി​നാ​ൽ അ​നാ​ശാ​സ്യ കേ​ന്ദ്ര​ത്തി​ലെ​ത്തി ലൈം​ഗി​ക തൊ​ഴി​ലാ​ളി​ക്കൊ​പ്പം ബ​ന്ധ​പ്പെ​ടു​ന്ന​യാ​ളെ ഉ​പ​ഭോ​ക്താ​വാ​യി കാ​ണാ​നാ​കി​ല്ല. ഉ​പ​ഭോ​ക്താ​വാ​യി കാ​ണ​ണ​മെ​ങ്കി​ൽ എ​ന്തെ​ങ്കി​ലും സാ​ധ​ന​മോ സേ​വ​ന​മോ വാ​ങ്ങ​ണ​മെ​ന്നും ജ​സ്റ്റി​സ്​ വി.​ജി. അ​രു​ൺ വ്യ​ക്ത​മാ​ക്കി.

തി​രു​വ​ന​ന്ത​പു​രം പേ​രൂ​ർ​ക്ക​ട പൊ​ലീ​സ് 2021ൽ ​അ​നാ​ശാ​സ്യ പ്ര​വ​ർ​ത്ത​ന നി​രോ​ധ​ന നി​യ​മ​പ്ര​കാ​ര​മെ​ടു​ത്ത കേ​സു​ക​ൾ റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മൂ​ന്നാം​പ്ര​തി ന​ൽ​കി​യ ഹ​ര​ജി ഭാ​ഗി​ക​മാ​യി അ​നു​വ​ദി​ച്ച ഉ​ത്ത​ര​വി​ലാ​ണ് നി​രീ​ക്ഷ​ണം.

അ​നാ​ശാ​സ്യ​കേ​ന്ദ്ര​ത്തി​ലെ​ത്തു​ന്ന പ​ല​രും മ​നു​ഷ്യ​ക്ക​ട​ത്തി​ന്റെ ഇ​ര​ക​ളോ മ​റ്റു​ള്ള​വ​രു​ടെ ശാ​രീ​രി​ക സു​ഖ​ത്തി​നാ​യി സ്വ​ന്തം ശ​രീ​രം സ​മ​ർ​പ്പി​ക്കാ​ൻ നി​ർ​ബ​ന്ധി​ത​രാ​കു​ന്ന​വ​രോ ആ​ണ്. ഇ​വ​രു​ടെ പേ​രി​ൽ ന​ൽ​കു​ന്ന പ​ണ​ത്തി​ലേ​റെ​യും പോ​കു​ന്ന​ത് അ​നാ​ശാ​സ്യ കേ​ന്ദ്ര​ത്തി​ന്റെ ന​ട​ത്തി​പ്പു​കാ​രു​ടെ കൈ​ക​ളി​ലേ​ക്കാ​യി​രി​ക്കും. അ​തി​നാ​ൽ, അ​നാ​ശാ​സ്യ കേ​ന്ദ്ര​ത്തി​ലെ​ത്തി ലൈം​ഗി​ക​ബ​ന്ധ​ത്തി​ന്​ പ​ണം ന​ൽ​കു​ന്ന​യാ​ൾ​ക്കെ​തി​രെ അ​നാ​ശാ​സ്യ പ്ര​വ​ർ​ത്ത​ന നി​രോ​ധ​ന നി​യ​മ​ത്തി​ലെ വ​കു​പ്പ് 5(1) ഡി ​പ്ര​കാ​രം പ്രേ​ര​ണ​ക്കു​റ്റം നി​ല​നി​ൽ​ക്കു​മെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

പൊ​തു​സ്ഥ​ല​ത്തി​ന്​ സ​മീ​പം അ​നാ​ശാ​സ്യ​കേ​ന്ദ്രം ന​ട​ത്തി​യ​തി​ന്​ ചു​മ​ത്തി​യ വ​കു​പ്പും ഇ​ട​പാ​ടു​കാ​ര​നെ​തി​രെ നി​ല​നി​ൽ​ക്കു​മെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം, അ​നാ​ശാ​സ്യ​കേ​ന്ദ്രം ന​ട​ത്തി എ​ന്ന​ത​ട​ക്കം കു​റ്റ​ങ്ങ​ൾ കോ​ട​തി റ​ദ്ദാ​ക്കി.