കൊച്ചി: പ്രണയം എതിർത്തതിന്റെ പേരിൽ 20 വർഷംമുൻപ് യുവതിയുടെ അച്ഛനെ ബൈക്കിടിപ്പിച്ച് വീഴ്ത്തിയ കേസിൽ ശിക്ഷയൊഴിവാക്കണമെന്ന ആവശ്യം നിരാകരിച്ച് ഹൈക്കോടതി. എന്നാൽ, യുവതിയുടെ അച്ഛന് ചെറിയ പരിക്കേ ഉണ്ടായിട്ടുള്ളൂവെന്നതടക്കം കണക്കിലെടുത്ത് ശിക്ഷ ആറുമാസം വെറുംതടവിൽനിന്ന് ഒരുദിവസം തടവായിച്ചുരുക്കി. പക്ഷേ, 2000 രൂപ പിഴ 50,000 ആയി വർധിപ്പിച്ചു.
ശിക്ഷയിൽ ഇളവുനൽകുന്നതിനെ എതിർത്ത് യുവതിയുടെ പിതാവും ഹൈക്കോടതിയിലെത്തിയിരുന്നു. എന്നാൽ, മകൾ ഇപ്പോൾ വിവാഹമൊക്കെ കഴിച്ച് സ്വസ്ഥമായി താമസിക്കുകയാണെന്ന് പിതാവ് അറിയിച്ചതടക്കം കോടതി കണക്കിലെടുത്തു.
കൊല്ലം സ്വദേശിയായിരുന്നു വിചാരണക്കോടതി വിധിച്ച ശിക്ഷ റദ്ദാക്കാനായി ഹൈക്കോടതിയിലെത്തിയത്. 2005 മേയ് 11-ന് രാത്രി 9.20-ന് ജോലികഴിഞ്ഞ് പോകുമ്പോൾ പിന്നിൽനിന്ന് ബൈക്കിടിച്ച് വീഴ്ത്തിയെന്നായിരുന്നു കേസ്. ചുണ്ടിനാണ് മുറിവേറ്റത്.
മകളുമായുള്ള ഹർജിക്കാരന്റെ സ്നേഹബന്ധം ചോദ്യംചെയ്തതിനായിരുന്നു ആക്രമണമെന്നായിരുന്നു ആരോപണം. കേസിൽ കരുനാഗപ്പള്ളി മജിസ്‌ട്രേറ്റ് കോടതി ആറുമാസം സാധാരണതടവിനാണ് ശിക്ഷിച്ചത്. ഇത് കൊല്ലം സെഷൻസ് കോടതിയും ശരിവെച്ചു. തുടർന്നാണ് ഹൈക്കോടതിയിലെത്തിയത്.
മാരകായുധമുപയോഗിച്ച് ആക്രമിച്ചെന്നായിരുന്നു കേസ്. ആക്രമണമല്ല, അപകടമായിരുന്നുവെന്നായിരുന്നു ഹർജിക്കാരന്റെ വാദം. ബൈക്ക് മാരകായുധമല്ലെന്ന വാദവുമുന്നയിച്ചു. അപകടമല്ലെന്ന് സാക്ഷിമൊഴികളിൽനിന്ന് വ്യക്തമാണെന്ന് കോടതി വിലയിരുത്തി. ബൈക്കിടിക്കുന്നത് മരണത്തിനുവരെ കാരണമാകും. അതിനാൽ ബൈക്ക് മാരകായുധമല്ലെന്ന വാദവും തള്ളി. 50,000 ആയി വർധിപ്പിച്ച പിഴത്തുക യുവതിയുടെ പിതാവിന് നൽകാനും ഉത്തരവിട്ടു.