എമ്പുരാന്‍ എന്ന സിനിമയുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങള്‍ക്ക് പിന്നാലെ ആദായനികുതി വകുപ്പ് നടന്‍ പൃഥ്വിരാജിന് നോട്ടീസ് അയച്ചിരുന്നു. ഈ നടപടിയില്‍ വിമര്‍ശനമുന്നയിച്ചിരിക്കുകയാണ് കേരളാ ടൂറിസം - പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കത്രികവെക്കലുകള്‍ കൊണ്ടും പ്രതികാര റെയ്ഡുകള്‍ കൊണ്ടും മായ്ക്കാന്‍ കഴിയുന്നതല്ല ചരിത്ര യാഥാര്‍ത്ഥ്യങ്ങളെന്നും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരെയുള്ള സംഘപരിവാറിന്റെ ശ്രമങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
കത്തി കാട്ടി ഭീഷണിപ്പെടുത്തി നിശബ്ദരാക്കി കളയാം എന്നത് മൗഢ്യമാണ്... എമ്പുരാന്‍ സിനിമക്കെതിരെയുള്ള വിദ്വേഷ പ്രചാരണങ്ങള്‍ക്കും ബഹിഷ്‌കരണാഹ്വാനങ്ങള്‍ക്കും ശേഷം സംഘപരിവാരം സിനിമയ്ക്കു പിന്നില്‍ പ്രവര്‍ത്തിച്ചവരെ വേട്ടയാടാന്‍ തുടങ്ങി എന്നാണ് മനസ്സിലാക്കേണ്ടത്. സിനിമയുടെ നിര്‍മ്മാതാക്കളിലൊരാളായ ഗോകുലം ഗോപാലന്റെ ചെന്നൈ ഓഫീസുകളിലും വീട്ടിലുമുള്ള ഇ ഡി റെയ്ഡിനും ചോദ്യം ചെയ്യലിനും ശേഷം ഇപ്പോള്‍ സംവിധായകന്‍ പൃഥ്വിരാജിനെയാണവര്‍ നോട്ടമിട്ടിരിക്കുന്നത്. ഏറ്റവും ഒടുവില്‍ പൃഥ്വിരാജിന് ആദായ നികുതിവകുപ്പ് നോട്ടീസ് അയച്ച വാര്‍ത്തകളാണ് പുറത്തു വരുന്നത്.
എമ്പുരാന്‍ സിനിമയിലെ ഗുജറാത്ത് വംശഹത്യയെക്കുറിച്ചുള്ള രംഗങ്ങള്‍ സംഘപരിവാരത്തെ അത്രമാത്രം പ്രകോപിപ്പിച്ചു എന്നാണ് ഈ പ്രതികാര നടപടികള്‍ വ്യക്തമാക്കുന്നത്. സെന്‍സര്‍ നടപടികള്‍ കൊണ്ടൊന്നും ഗുജറാത്ത് വംശഹത്യയുടെ പാപക്കറയില്‍ നിന്നും സംഘപരിവാറിന് മോചനമില്ല. കത്രികവെക്കലുകള്‍ കൊണ്ടും പ്രതികാര റെയ്ഡുകള്‍ കൊണ്ടും മായ്ക്കാന്‍ കഴിയുന്നതല്ല ചരിത്ര യാഥാര്‍ത്ഥ്യങ്ങള്‍. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരെയുള്ള സംഘപരിവാര്‍ തിട്ടൂരങ്ങള്‍ ഒരു തരത്തിലും കേരള സമൂഹത്തിന് അംഗീകരിക്കാന്‍ കഴിയില്ല. സിനിമയുടെ അഭൂതപൂര്‍വ്വമായ ജനസമ്മതി അതാണ് കാണിക്കുന്നതും.
കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചുകൊണ്ട് ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു കൂച്ചുവിലങ്ങിടുമെന്ന സംഘപരിവാര്‍ ഭീഷണി ഈ നാടിനോടു തന്നെയുള്ള വെല്ലുവിളിയാണ്. കത്തി കാട്ടി കലാകാരന്മാരെ ഭീഷണിപ്പെടുത്തി നിശബ്ദരാക്കി കളയാം എന്നത് മൗഢ്യമാണ്. കേരള സമൂഹമാകെ ഈ വിഷയത്തില്‍ കലാകാരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനൊപ്പം നില്‍ക്കും. അതാണ് കേരളത്തിന്റെ ചരിത്രം!.