എയ്ഡ്‌സ് രോഗത്തിന് കാരണമാവുന്ന എച്ച്‌ഐവി ബാധിതരെ ഭിന്നശേഷിക്കാരായി കാണണം : ഡൽഹി ഹൈക്കോടതി

09:04 PM Dec 19, 2025 | Neha Nair

എച്ച്‌ഐവി ബാധിതർ ദീർഘകാലം പല പ്രശ്‌നങ്ങളും സഹിക്കേണ്ടി വരുമെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ സി ഹരിശങ്കറിന്റെയും ഓം പ്രകാശ് ശുക്ലയുടെയും ഉത്തരവ്. നിയമിച്ച പദവിയിലെ ഉത്തരവാദിത്തങ്ങൾ വഹിക്കാൻ അയാൾക്ക് പ്രയാസമുണ്ടാവുകയാണെങ്കിൽ സാധ്യമായ തസ്തികയിലേക്ക് മാറ്റമെന്നും കോടതി നിർദേശിച്ചു. 

അതിർത്തി രക്ഷാസേനയിൽ പ്രവർത്തിച്ചിരുന്ന, പിന്നീട് എച്ച്‌ഐവി ബാധയെ തുടർന്ന് സർവീസിൽ നിന്നും ഒഴിവാക്കിയ ഒരാൾ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. 2017ലാണ് ഇയാൾ ജോലിയിൽ പ്രവേശിച്ചത്. ഏതാനും മാസത്തിന് ശേഷം എച്ച്‌ഐവി ബാധ സ്ഥിരീകരിച്ചു. തുടർന്ന് വിവിധരോഗങ്ങൾ പ്രത്യക്ഷപ്പെട്ടു. അതിനെല്ലാം ചികിൽസയും തേടി. പ്രതിരോധ ശേഷിയില്ലാത്തതിനാൽ സർവീസിൽ നിന്ന് ഒഴിവാക്കുകയാണെന്ന് ബിഎസ്എഫ് പ്രഖ്യാപിച്ചു. തുടർന്ന് 2019ൽ ഒഴിവാക്കി. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.