+

കുട്ടിയുടെ സമസ്തവിവരങ്ങളും രേഖപ്പെടുത്തിയ സമഗ്രരേഖ; ഹോളിസ്റ്റിക് പ്രോഗ്രസ് കാർഡ് വരുന്നു

മാർക്കിന്റെ അക്കങ്ങളോ ഗ്രേഡിന്റെ അക്ഷരങ്ങളോ രേഖപ്പെടുത്തിയ വെറുമൊരു കാർഡല്ല ഇനി പ്രോഗ്രസ് കാർഡ്; കുട്ടിയുടെ എല്ലാ വിവരങ്ങളും രേഖപ്പെടുത്തിയ സമഗ്രരേഖയാണ്. കുട്ടിയുടെ പ്രതിഭാവികാസത്തിൽ താത്പര്യവും ഉത്തരവാദിത്വവുമുള്ള എല്ലാവരും അതിലെ വിവരങ്ങൾ അറിയുകയുംചെയ്യും.

കോഴിക്കോട്: മാർക്കിന്റെ അക്കങ്ങളോ ഗ്രേഡിന്റെ അക്ഷരങ്ങളോ രേഖപ്പെടുത്തിയ വെറുമൊരു കാർഡല്ല ഇനി പ്രോഗ്രസ് കാർഡ്; കുട്ടിയുടെ എല്ലാ വിവരങ്ങളും രേഖപ്പെടുത്തിയ സമഗ്രരേഖയാണ്. കുട്ടിയുടെ പ്രതിഭാവികാസത്തിൽ താത്പര്യവും ഉത്തരവാദിത്വവുമുള്ള എല്ലാവരും അതിലെ വിവരങ്ങൾ അറിയുകയുംചെയ്യും.

അടുത്ത അധ്യയനവർഷം മുതലാണ് കേരളത്തിൽ വിദ്യാർഥികളുടെ സമഗ്ര പഠനപുരോഗതിരേഖ (ഹോളിസ്റ്റിക് പ്രോഗ്രസ് കാർഡ് -എച്ച്പിസി) തയ്യാറാക്കുന്നത്. ഇതിലെ വിവരങ്ങൾ ഓൺലൈനായി ലഭ്യമാകുന്ന പ്രത്യേക പോർട്ടലും വൈകാതെ നിലവിൽവരും. അക്കാദമിക് മികവ് മാത്രമാണ് നിലവിലുള്ള പ്രോഗ്രസ് കാർഡുകളിലുള്ളത്. കുട്ടിയുടെ വൈകാരിക-സാമൂഹികതലങ്ങളുൾപ്പെടെ എല്ലാ മേഖലകളെയും പരിഗണിക്കുന്ന രേഖയായാണ് എച്ച്പിസി വികസിപ്പിക്കുന്നത്. ദേശീയതലത്തിൽ എൻസിഇആർടി ഇത്തരത്തിൽ ഒരു പദ്ധതി നടപ്പാക്കുന്നുണ്ട്.

കേരളത്തിന്റെ സാഹചര്യത്തിനനുസരിച്ച് അതിൽ മാറ്റംവരുത്തിയാണ് ഇവിടെ നടപ്പാക്കുന്നതെന്ന് എസ് സിഇആർടി ഡയറക്ടർ ഡോ. ആർ.കെ. ജയപ്രകാശ് പറഞ്ഞു. ദേശീയതലത്തിൽ പുതിയ വിദ്യാഭ്യാസനയത്തിന്റെ (എൻഇപി.) ഭാഗമായാണ് എച്ച്പിസി നടപ്പാക്കുന്നത്. ഘട്ടങ്ങൾ തിരിച്ചാണ് ദേശീയതലത്തിലെ വിലയിരുത്തൽ. കേരളത്തിൽ അത് ക്ലാസ് അടിസ്ഥാനത്തിലാക്കണോ എന്നാണ് ആലോചിക്കുന്നത്.

പ്രീപ്രൈമറി ഘട്ടംമുതൽ കുട്ടിയുടെ ഓരോ പ്രവർത്തനവും രേഖപ്പെടുത്തുന്നതാണ് എച്ച്പിസി. വൈകാരികവും സാമൂഹികവുമായ ഇടപെടലുകളുടെ മൂല്യനിർണയത്തിന് പ്രത്യേക ടൂളുകൾ വികസിപ്പിക്കും. ഇതിനായി അധ്യാപകർക്ക് അവധിക്കാലത്ത് പ്രത്യേകപരിശീലനം നൽകും. ക്ലാസ് പിടിഎയിൽ രക്ഷിതാക്കളെ ബോധ്യപ്പെടുത്തിക്കൊണ്ടാണിത് നടപ്പാക്കുക. വിദ്യാലയങ്ങളുമായി ബന്ധപ്പെട്ടുള്ള ജനകീയസമിതികൾക്കും ഈ രേഖയിലെ ഉള്ളടക്കം പങ്കുവെക്കും. വിലയിരുത്തലുകൾ സുതാര്യമാവുന്നതിനാണ് രക്ഷിതാക്കളുടെയും ജനകീയസമിതികളുടെയും പങ്കാളിത്തം ഉറപ്പാക്കുന്നത്. പ്രോഗ്രസ് കാർഡ് കാർഡായിരുന്നെങ്കിൽ, എച്ച്പിസി ബുക്ക്‌ലെറ്റ് രൂപത്തിലാണ്. ഓൺലൈനിൽ എച്ച്പിസി വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങളും അടുത്ത അധ്യയനവർഷത്തിൽ നടക്കും. ആദ്യഘട്ടത്തിൽ ‘സഹിതം’ പോർട്ടലിൽ കൂടുതൽ ലേണിങ് ഇൻഡിക്കേറ്ററുകൾ (പഠനസൂചകങ്ങൾ) ഉൾപ്പെടുത്തും. പിന്നാലെ എച്ച്പിസിക്ക് സ്വന്തം പോർട്ടൽ വികസിപ്പിക്കും. ‘കൈറ്റി’നാണ് ഇതിന്റെ ചുമതല.

facebook twitter