+

ഹോസ്റ്റൽ മുറിയിൽ കടന്ന് കഴുത്തിൽ കത്തിവെച്ച് പീഡനശ്രമം; പ്രതിയെ പിടികൂടിയത് 48 മണിക്കൂറിനുള്ളിൽ

ഐടി ജീവനക്കാരിയെ ഹോസ്റ്റൽ മുറിയിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ച തമിഴ്‌നാട് സ്വദേശി പിടിയിൽ . ഇരുന്നൂറോളം സിസിടിവികൾ പരിശോധിച്ചാണ് 48 മണിക്കൂറിനുള്ളിൽ പ്രതിയെന്നു സംശയിക്കുന്നയാളെ മധുരയിൽനിന്നു പിടികൂടിയത്.

തിരുവനന്തപുരം: ഐടി ജീവനക്കാരിയെ ഹോസ്റ്റൽ മുറിയിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ച തമിഴ്‌നാട് സ്വദേശി പിടിയിൽ . ഇരുന്നൂറോളം സിസിടിവികൾ പരിശോധിച്ചാണ് 48 മണിക്കൂറിനുള്ളിൽ പ്രതിയെന്നു സംശയിക്കുന്നയാളെ മധുരയിൽനിന്നു പിടികൂടിയത്. ഇയാൾ ട്രക്ക് ഡ്രൈവറാണ്. ഞായറാഴ്ച രാത്രിയോടെ കഴക്കൂട്ടം സ്റ്റേഷനിലെത്തിച്ച പ്രതിയെ പോലീസ് ചോദ്യംചെയ്തു.

വെള്ളിയാഴ്ച പുലർച്ചെ ടെക്‌നോപാർക്കിനു സമീപത്തെ ഹോസ്റ്റലിലായിരുന്നു സംഭവം. ഹോസ്റ്റലിലെ മുറിയിൽ അതിക്രമിച്ചുകയറിയ അജ്ഞാതനായ ഒരാൾ ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിയെ ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു. കഴുത്തിൽ കത്തിവെച്ച ശേഷമായിരുന്നു ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചത്. നിലവിളിക്കാൻപോലും കഴിയാത്തവിധം ഭയന്ന പെൺകുട്ടി പ്രതിരോധിച്ചപ്പോൾ ഇയാൾ മതിൽചാടി ഓടി രക്ഷപ്പെട്ടു.

ഹോസ്റ്റലിലോ പരിസരത്തോ സിസിടിവികൾ ഇല്ലാതിരുന്നത് പോലീസിനെ ആദ്യം വലച്ചു. പിന്നീട് ടെക്‌നോപാർക്കിലെയും പരിസരങ്ങളിലെയും നഗരത്തിലെ വിവിധ ഭാഗങ്ങളിലെയും ക്യാമറകൾ പരിശോധിക്കുകയായിരുന്നു. നൂറുകണക്കിനു ദൃശ്യങ്ങളിൽനിന്നാണ്‌ ഇയാളാണ് പ്രതിയെന്ന നിഗമനത്തിലെത്തിയത്‌. തുടർന്ന് ഇയാളുടെ യാത്രാവിവരങ്ങൾ പിന്തുടർന്ന പോലീസ്, ഞായറാഴ്ച പുലർച്ചെ മധുരയിൽനിന്ന് കസ്റ്റഡിയിലെടുത്തു. മൂന്ന് എസ്എച്ച്‌ഒമാരും ഡാൻസാഫ് സംഘവുമടക്കമുള്ള പ്രത്യേക സംഘത്തിനായിരുന്നു അന്വേഷണച്ചുമതല.

സംഭവത്തിൽ ഭയന്നുപോയ യുവതി, രാവിലെയാണ് ഹോസ്റ്റൽ അധികൃതരെ വിവരമറിയിച്ചത്. തുടർന്ന് അവർ പോലീസിൽ പരാതി നൽകുകയായിരുന്നു. വൈദ്യപരിശോധനയ്ക്കു വിധേയയാക്കിയ ശേഷമാണ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയത്. ഹോസ്റ്റലിലെ മുറിയിൽ യുവതി ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്.

facebook twitter