കുട്ടനാട്: ഹൗസ്ബോട്ടിൽ വിനോദ സഞ്ചാരികളെ ആക്രമിച്ച ശേഷം ഒളിവിൽ പോയ മൂന്ന് പ്രതികളെ പുളിങ്കുന്ന് പോലീസ് അറസ്റ്റ് ചെയ്തു. കൈനകരി കായലിൽപറമ്പ് വീട്ടിൽ വിഷ്ണു (33), തോട്ടുവാത്തല വട്ടത്തറപറമ്പ് വീട്ടിൽ പ്രദീപ് (32), തോട്ടുവാത്തല പടിഞ്ഞാറേ മാടത്താനി വീട്ടിൽ ആർ.സുജിത് (32) എന്നിവരെയാണു പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രതികൾ മൈസൂരുവിൽ ഒളിവിൽ കഴിയുകയായിരുന്നു. തുടർന്ന് കാസർകോട് എത്തിയപ്പോഴാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. രാമങ്കരി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ഇതോടെ കേസിൽ അറസ്റ്റിൽ ആയവരുടെ എണ്ണം 11 ആയി.
കഴിഞ്ഞ 13 നാണ് കൈനകരി ഉമ്പിക്കാരംചിറ ഭാഗത്തു കെട്ടിയിട്ടിരുന്ന ഹൗസ് ബോട്ടിലെ സഞ്ചാരികളെ മാരകായുധങ്ങളുമായി പ്രതികൾ ആക്രമിച്ചത്. പുളിങ്കുന്ന് എസ്എച്ച്ഒ കെ.ബി.ആനന്ദബാബു, എസ്ഐ പി.ടി.ബിജുക്കുട്ടൻ, എഎസ്ഐ വിനോദ്, സിപിഒമാരായ ടോണി വർഗീസ്, ആർ.ഷാൻ കുമാർ, കെ.ജി.സനീഷ്, ഹരികൃഷ്ണൻ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.