ഹൈദരാബാദ്: ഫ്‌ളാറ്റില്‍ വീട്ടമ്മയെ കെട്ടിയിട്ട് പ്രഷര്‍ കുക്കര്‍കൊണ്ട് തലയ്ക്കടിച്ചും കഴുത്തറത്തും കൊലപ്പെടുത്തി ജോലിക്കാർ . ഹൈദരാബാദിലാണ് പട്ടാപ്പകല്‍ ഞെട്ടിക്കുന്ന കൊലപാതകം അരങ്ങേറിയത്. സംഭവത്തില്‍ വീട്ടുജോലിക്കാരായ രണ്ടുപേര്‍ക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചു.
സൈബരാബാദിലെ സ്വാന്‍ ലേക്ക് അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന രേണു അഗര്‍വാള്‍(50) ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച വൈകീട്ടോടെയാണ് രേണുവിനെ 13-ാം നിലയിലെ ഫ്‌ളാറ്റില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. ഫ്‌ളാറ്റിലുണ്ടായിരുന്ന 40 ഗ്രാം സ്വര്‍ണവും ഒരുലക്ഷം രൂപയും മോഷണംപോയിട്ടുണ്ട്. പത്തുദിവസം മുൻപ് ഇവരുടെ ഫ്‌ളാറ്റില്‍ ജോലിക്കെത്തിയ ഝാര്‍ഖണ്ഡ് സ്വദേശി ഹര്‍ഷയും മറ്റൊരു ഫ്‌ളാറ്റിലെ ജോലിക്കാരനായ റൗഷാന്‍ എന്നയാളുമാണ് കൊലപാതകവും കവര്‍ച്ചയും നടത്തിയതെന്ന് പോലീസ് പറഞ്ഞു.
സംഭവദിവസം വൈകീട്ട് ഇരുവരും ഫ്‌ളാറ്റിലേക്ക് വരുന്നതിന്റെയും തിരികെ ബൈക്കില്‍ രക്ഷപ്പെടുന്നതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. കൃത്യം നടത്തിയശേഷം ഇരുവരും റാഞ്ചിയിലേക്ക് രക്ഷപ്പെട്ടെന്നാണ് വിവരമെന്നും ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പോലീസ് പറഞ്ഞു.
അതിക്രൂരമായാണ് രേണു അഗര്‍വാളിനെ പ്രതികള്‍ കൊലപ്പെടുത്തിയതെന്നാണ് പോലീസ് നല്‍കുന്നവിവരം. കൈകാലുകള്‍ കെട്ടിയിട്ട് കഴുത്തറത്തനിലയിലാണ് വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തിയത്. പ്രതികള്‍ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ ചോരപുരണ്ടനിലയില്‍ ഫ്‌ളാറ്റില്‍ ഉപേക്ഷിച്ചിരുന്നു.
സ്റ്റീല്‍ ബിസിനസുകാരനായ രേണുവിന്റെ ഭര്‍ത്താവ് അഗര്‍വാളും 26-കാരനായ മകനും ബുധനാഴ്ച രാവിലെ പത്തുമണിയോടെയാണ് ഫ്‌ളാറ്റില്‍നിന്ന് സ്ഥാപനത്തിലേക്ക് പോയത്. വൈകീട്ട് അഞ്ചുമണിക്ക് അഗര്‍വാള്‍ ഭാര്യയെ ഫോണില്‍ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ഇതോടെ സംശയംതോന്നിയ ഇദ്ദേഹം നേരത്തേ സ്ഥാപനത്തില്‍നിന്നിറങ്ങി ഫ്‌ളാറ്റിലേക്ക് വരികയായിരുന്നു. എന്നാല്‍, ഫ്‌ളാറ്റിന്റെ പ്രധാന വാതില്‍ അകത്തുനിന്ന് പൂട്ടിയിട്ടനിലയിലായിരുന്നു. ഇതോടെ ഫ്‌ളാറ്റിലെ പ്ലംബറുടെ സഹായത്തോടെ ബാല്‍ക്കണിയിലെ വാതില്‍ തുറന്നാണ് അകത്തുകടന്നത്. തുടര്‍ന്ന് ഫ്‌ളാറ്റില്‍ നടത്തിയ പരിശോധനയിലാണ് രേണുവിനെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. പ്രതികള്‍ ഉപേക്ഷിച്ച ചോരപുരണ്ട വസ്ത്രങ്ങളും കണ്ടെത്തി.
വീട്ടമ്മയുടെ കൈകാലുകള്‍ കെട്ടിയിട്ടശേഷം പ്രതികള്‍ പ്രഷര്‍കുക്കര്‍ കൊണ്ട് ഇവരുടെ തലയ്ക്കടിച്ചതായി പോലീസ് പറഞ്ഞു. കത്തിയും കത്രികയും ഉപയോഗിച്ചാണ് കഴുത്തറത്തത്. കൃത്യം നടത്തിയശേഷം പ്രതികള്‍ ഫ്‌ളാറ്റിലെ കുളിമുറിയില്‍നിന്ന് കുളിക്കുകയും ഇതിനുശേഷമാണ് വസ്ത്രം മാറി രക്ഷപ്പെട്ടതെന്നും പോലീസ് പറയുന്നു.
പത്തുദിവസം മുന്‍പ് കൊല്‍ക്കത്തയിലെ ഒരു ഏജന്‍സി മുഖേനയാണ് ഝാര്‍ഖണ്ഡ് സ്വദേശിയായ ഹര്‍ഷ രേണുവിന്റെ ഫ്‌ളാറ്റില്‍ ജോലിക്കെത്തിയത്. റൗഷാന്‍ ഇതേ അപ്പാര്‍ട്ട്‌മെന്റിലെ 14-ാം നിലയിലുള്ള മറ്റൊരു ഫ്‌ളാറ്റിലെ ജോലിക്കാരനാണ്. ഇരുവരും ചേര്‍ന്ന് ആസൂത്രിതമായാണ് കൊലപാതകവും കവര്‍ച്ചയും നടത്തിയതെന്നാണ് പോലീസിന്റെ നിഗമനം. കൃത്യത്തിന് ശേഷം റൗഷാന്റെ വീട്ടുടമയുടെ ബൈക്കിലാണ് ഇരുവരും കടന്നുകളഞ്ഞതെന്നും പോലീസ് പറഞ്ഞു. വിവിധ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പ്രതികളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പോലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.