+

ഇസ്രയേലിലെ പ്രധാന വിമാനത്താവളത്തിൽ ഹൂതികളുടെ മിസൈലാക്രമണം; ആറുപേർക്ക് പരിക്ക്

ബെൻ ഗുറിയോൺ വിമാനത്താവളത്തിലേക്കുള്ള പ്രവേശന റോഡിനോട് ചേർന്നുള്ള പൂന്തോട്ടത്തിലാണ് മിസൈൽ

ടെൽ അവീവ്: യെമനിൽ നിന്ന് ഹൂതി വിമതർ തൊടുത്തുവിട്ട ബാലസ്റ്റിക് മിസൈൽ ഇസ്രയേലിലെ ബെൻ ഗുറിയോൺ വിമാനത്താവളത്തിൽ പതിച്ചു. ആറോളം പേർക്ക് മിസൈലാക്രമണത്തിൽ  പരിക്കേറ്റതായി ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ആക്രമണം സ്ഥിരീകരിച്ച ഇസ്രൽ സൈന്യം ഏഴിരട്ടി മടങ്ങിൽ തിരിച്ചടി നൽകുമെന്ന് പ്രഖ്യാപിച്ചു. സംഭവത്തിന് പിന്നാലെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതിരോധ മന്ത്രിയുമായും ഉന്നത സൈനിക മേധാവികളുമായും ടെലിഫോണിൽ ചർച്ച നടത്തി. തുടർന്ന് നെതന്യാഹുവിന്റെ അധ്യക്ഷതയിൽ സുരക്ഷയുമായി ബന്ധപ്പെട്ട മന്ത്രിസഭാ സമിതി യോഗവും ചേരും. ഗാസ വിഷയത്തിലാണ് യോഗം വിളിച്ചിരുന്നതെങ്കിലും ഹൂതി ആക്രമണമുണ്ടായ സാഹചര്യത്തിൽ അത് പ്രധാന അജണ്ടയാകും.

ബെൻ ഗുറിയോൺ വിമാനത്താവളത്തിലേക്കുള്ള പ്രവേശന റോഡിനോട് ചേർന്നുള്ള പൂന്തോട്ടത്തിലാണ് മിസൈൽ പതിച്ചതെന്നാണ് ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇത് വിമാനത്താവളത്തിന്റെ പാർക്കിങ് ഭാഗത്തിനോട് ചേർന്ന് നിൽക്കുന്ന ഭാഗമാണെന്നാണ് വിവരം. യെമനിൽ നിന്നുള്ള നിരവധി മിസൈലുകൾ ഇതിനോടകം തകർത്തതായും ഇസ്രയേൽ സൈന്യം അറിയിച്ചു.
 

facebook twitter