മലയാളി സിനിമാ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ അഭിനയിക്കുന്ന ഹൃദയ പൂർവം. വര്‍ഷങ്ങള്‍ക്ക് ശേഷം മോഹൻലാലും സത്യൻ അന്തിക്കാടും ഒന്നിക്കുന്നുവെന്നതാണ് അതിന് പിന്നിലെ പ്രധാന കാരണം. മലയാളത്തിന് എക്കാലവും പ്രിയപ്പെട്ട ഒരുപിടി ഹിറ്റ് ചിത്രങ്ങള്‍ നല്‍കിയ കൂട്ടുകെട്ടിന്‍റെ പുതിയ സിനിമയ്ക്കായി ആവേശപൂര്‍വം കാത്തിരിക്കുകയാണ് ആരാധകര്‍.
ഇപ്പോഴിതാ സത്യൻ അന്തിക്കാടിന്റെ ഹൃദയപൂര്‍വം സിനിമ തിയേറ്ററുകളിലേക്ക് എത്തുന്ന തീയതിയെ കുറിച്ച് പുതിയ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. ഓഗസ്റ്റ് 28നായിരിക്കും സിനിമ തിയേറ്ററുകളിലെത്തുകയെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോർട്ട്. സിനിമ ഓണം റിലീസായി ആകും എത്തുക എന്ന് നേരത്തെ തന്നെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു.
ഹൃദയപൂര്‍വം എങ്ങനെയുള്ള ചിത്രമായിരിക്കുമെന്നതിനെ കുറിച്ച് സത്യന്‍ അന്തിക്കാട് നേരത്തെ സംസാരിച്ചിരുന്നു.
പാൻ ഇന്ത്യൻ ഒന്നുമില്ല ജീവിതഗന്ധിയായ കഥയായിരിക്കും മോഹൻലാലിനെ നായകനാക്കി ആലോചിക്കുന്നതെന്നും നേര് എന്ന സിനിമയുടെ വിജയമാണ് മാതൃകയെന്നും സംവിധായകൻ ചൂണ്ടിക്കാട്ടിയിരുന്നു.
എന്തായാലും സത്യന്‍ അന്തിക്കാട് ഒരുക്കുന്ന പുതിയ മോഹന്‍ലാലിനെ കാണാനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.
സന്ദീപ് ബാലകൃഷ്‍ണൻ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ മോഹൻലാല്‍ ഉണ്ടാകുക. മാളവിക മോഹനനാണ് ചിത്രത്തിലെ നായിക.
സംവിധായകൻ സത്യൻ അന്തിക്കാടിന്റേതായി ഒടുവിലെത്തിയ ചിത്രം മകള്‍ വൻ വിജയമായി മാറിയിരുന്നില്ല. അതിനാൽ മോഹൻലാലുമൊത്ത് എത്തുമ്പോള്‍ വലിയൊരു തിരിച്ചുവരവും അദ്ദേഹം ലക്ഷ്യമിടുന്നു.