
പ്രൊഫഷണൽ ഗുസ്തിയുടെ ഇതിഹാസം ഹൾക്ക് ഹോഗൻ അന്തരിച്ചു. 71 വയസ്സായിരുന്നു. പ്രൊഫഷണൽ ഗുസ്തിക്ക് ഒരു വിപ്ലവം നൽകിയ വ്യക്തിയായി പലപ്പോഴും ഹൾക്ക് ഹോഗൻ വിശേഷിപ്പിക്കപ്പെടുന്നു. ഗുസ്തിയെ മുഖ്യധാരാ, കുടുംബ സൗഹൃദ വിനോദമാക്കി മാറ്റുന്നത് കണ്ടുവളർന്ന ആരാധകർക്ക് അദ്ദേഹത്തിൻ്റെ മരണം ഒരു യുഗത്തിൻ്റെ അന്ത്യം കൂടിയാണ്.
താരം കോമയിലാണെന്ന അഭ്യൂഹങ്ങൾ ഹോഗന്റെ ഭാര്യ സ്‌കൈ തള്ളിക്കളഞ്ഞ് ആഴ്ചകൾ പിന്നിടുമ്പോഴാണ് മരണം. ആഴ്ചകൾക്ക് മുൻപാണ് ഹൾക്കിന്റെ ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞത്. ശസ്ത്രക്രിയ്ക്കുശേഷം സുഖംപ്രാപിച്ചുവരുകയാണെന്നും ഭാര്യ അറിയിച്ചിരുന്നു.
1953 ഓഗസ്റ്റ് 11 ന് ജോർജിയയിലെ അഗസ്റ്റയിൽ ടെറി യൂജിൻ ബൊള്ളിയ എന്ന പേരിൽ ജനിച്ച ഹൾക്ക് ഹോഗൻ, 1980 കളിലും 1990 കളുടെ തുടക്കത്തിലും പ്രൊഫഷണൽ ഗുസ്തി ലോകത്തെ ഏറ്റവും ശ്രദ്ധേയനായ വ്യക്തിത്വമായി മാറി.