ചിക്കമംഗളൂരു: നിരന്തരമായ മർദ്ദനങ്ങളെ തുടർന്ന് വിവാഹമോചനം ആവശ്യപ്പെട്ട യുവതിയെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി. ചിക്കമംഗളൂരു ആൽഡൂരിനടുത്തുള്ള ഹൊസള്ളിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഹവള്ളി സ്വദേശി നേത്രാവതിയാണ് കൊല്ലപ്പെട്ടത്. 39-കാരനായ നവീനാണ് കൃത്യം ചെയ്തത്. ഇയാൾക്കെതിരെ പോലീസ് കേസെടുത്തു.
അഞ്ചു മാസം മുമ്പാണ് സകലേഷ്പൂർ സ്വദേശിയായ നവീനുമായി നേത്രാവതിയുടെ വിവാഹം നടന്നത്. എന്നാൽ, വിവാഹത്തിന്റെ ആദ്യ നാളുകളിൽ തന്നെ നവീൻ യുവതിയെ ക്രൂരമായി മർദ്ദിക്കാൻ തുടങ്ങിയിരുന്നു. ഇതേത്തുടർന്ന് അഞ്ച് ദിവസത്തിന് ശേഷം നേത്രാവതി ഭർതൃവീട് വിട്ടിറങ്ങി.
നവീൻ ഉപദ്രവിച്ചെന്ന് ആരോപിച്ച് മൂന്ന് മാസം മുമ്പ് നേത്രാവതി ആൽഡൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതിൽ പ്രകോപിതനായ നവീൻ യുവതിയെ കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ നേത്രാവതിയെ ചിക്കമംഗളൂരു നഗരത്തിലെ മല്ലഗൗഡ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരണം സംഭവിച്ചു.