മഹാരാഷ്ട്രയിലെ താനെയില്‍ വിവാഹമോചന ആവശ്യം നിരസിച്ച ഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ച് റോഡരികില്‍ ഉപേക്ഷിച്ച സംഭവത്തില്‍ യുവതിയും സഹോദരനുമടക്കം നാല് പേർ അറസ്റ്റില്‍.
താനെ സ്വദേശികളായ ഹസീന മെഹബൂബ് ഷെയ്ഖ്, സഹോദരൻ ഫായിസ് സാക്കിർ ഹുസൈൻ, കൂട്ടാളികളായ രണ്ട് പേർ എന്നിവരയാണ് താനെ റൂറല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. നവംബർ 25നാണ്, ഹസീനയുടെ ഭർത്താവും കർണാടക ബെല്ലാരി ജില്ലയിലെ സിരുഗുപ്പ സ്വദേശിയുമായ ടിപ്പണ്ണയുടെ പാതി കത്തിക്കരിഞ്ഞ മൃതദേഹം മുംബൈ- നാസിക് ഹൈവേയില്‍ ഷഹാപൂരിന് സമീപം കണ്ടെത്തിയത്.
കുടുംബ കലഹങ്ങളെ തുടർന്ന് ടിപ്പണ്ണയും ഹസീനയും വേർപിരിഞ്ഞു താമസിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇതിനിടെ, ഹസീന വിവാഹമോചനം ആവശ്യപ്പെട്ടെങ്കിലും ടിപ്പണ്ണ അതിന് വിസമ്മതിച്ചു.
ഹിസാനയുടെ നിർദേശപ്രകാരം, ഓട്ടോറിക്ഷാ ഡ്രൈവറായ സഹോദരനും കൂട്ടാളികളും നവംബർ 17ന് ടിപ്പണ്ണയെ വിളിച്ചുകൊണ്ടുപോവുകയും ഷഹാപൂരിലെ വനംപ്രദേശത്തെത്തിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. തുടർന്ന് മൃതദേഹം കത്തിച്ച ശേഷം ഹൈവേയ്ക്ക് സമീപം ഉപേക്ഷിക്കുകയും ചെയ്തു.. സഹോദരി ഹസീനയുടെ നിർദേശപ്രകാരമാണ് കൊലപാതകം നടത്തിയതെന്ന് ഫയാസ് സമ്മതിച്ചതായും പൊലീസ് പറഞ്ഞു.