മലപ്പുറത്ത് ഭര്‍തൃവീട്ടില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവം: ഭർത്താവ് പ്രഭിൻ കസ്റ്റഡിയിൽ

12:03 PM Feb 02, 2025 | Litty Peter

മലപ്പുറം: മലപ്പുറത്ത് ഭര്‍തൃവീട്ടില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് പ്രഭിന്‍ കസ്റ്റഡിയില്‍. കഴിഞ്ഞ വ്യാഴാഴ്ചയാണ് പൂക്കോട്ടുംപാടം സ്വദേശി വിഷ്ണുജ(25)യെ ഭർതൃ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയെ പ്രഭിനും വീട്ടുകാരും ഉപദ്രവിച്ചിരുന്നുവെന്ന് വിഷ്ണുജയുടെ കുടുംബം ആരോപിച്ചിരുന്നു. മഞ്ചേരി പൊലീസ് ആണ് കസ്റ്റഡിയിലെടുത്തത്.

സ്ത്രീധനത്തിന്റേയും സൗന്ദര്യത്തിന്റേയും പേരിൽ മകളെ ആക്ഷേപിച്ചെന്നും ജോലി ഇല്ലെന്ന് പറഞ്ഞും ഉപദ്രവമുണ്ടായിരുന്നുവെന്നുമാണ് കുടുംബം ആരോപിക്കുന്നത്. ഭര്‍ത്താവിനും കുടുംബത്തിനും എതിരെ നടപടി വേണം എന്നാണ് കുടുംബം ആവശ്യപ്പെടുന്നത്. 2023 മെയിലാണ് വിഷ്ണുജയും എളങ്കൂര്‍ സ്വദേശി പ്രഭിനും തമ്മിലുള്ള വിവാഹം നടന്നത്. സംഭവത്തില്‍ മഞ്ചേരി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു.

'അച്ഛന്‍ ഇടപെടേണ്ട കാര്യം വരുമ്പോള്‍ പറയാം എന്നാണ് പറഞ്ഞത്. എന്റെ കുട്ടിയെ മര്‍ദിക്കാറുണ്ടെന്നൊക്കെ ഇപ്പോഴാണ് അറിഞ്ഞത്. ക്രിമിനല്‍ സ്വഭാവമാണ് അവന്. അവന് മറ്റു സ്ത്രീകളുമായി ബന്ധമുണ്ടെന്നതടക്കം ഇപ്പോള്‍ പുറത്ത് വരികയാണ്. സൗന്ദര്യമില്ലെന്ന് ഉള്‍പ്പടെ കാരണമായി പറഞ്ഞു. അവന്‍ കൊന്ന് കെട്ടിത്തൂക്കിയതാണ് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്' എന്ന് വിഷ്ണുജയുടെ പിതാവ് വാസുദേവൻ പറഞ്ഞു.