വിവാഹിതരായിട്ട് രണ്ടു മാസം ; ഭര്‍ത്താവിന്റെ മൃതദേഹം കണ്ട് ഭയന്ന് മിനിറ്റുകൾക്കുള്ളിൽ ഭാര്യയും ജീവനൊടുക്കി

02:54 PM Aug 18, 2025 |



മലപ്പുറം: നിലമ്പൂരില്‍ രണ്ടുമാസം മുൻപ് വിവാഹിതരായ ദമ്പതികള്‍ ജീവനൊടുക്കി. മണലോടി സ്വദേശി രാജേഷ് (23), ഭാര്യ പെരുമ്പത്തൂർ സ്വദേശി അമൃത (18) എന്നിവരാണ് മരിച്ചത്. ഇരുവരും തമ്മില്‍ ചില കുടുംബ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും, രാജേഷുമായി അമൃതയുടെ കുടുംബം നല്ല ബന്ധത്തിലായിരുന്നില്ലെന്നുമാണ് പ്രദേശവാസികള്‍ പറയുന്നത്. ഏറെക്കാലമായി ഇരുവരും പ്രണയത്തിലായിരുന്നു.

നിലമ്പൂർ മണലോടിയിലാണ് നവദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അരീക്കോട്ട് ബന്ധുവീട്ടിൽ പോയിരിക്കുകയായിരുന്നു അമൃത. മൂന്നു ദിവസത്തിനു ശേഷം വീട്ടിൽ മടങ്ങിയെത്തിയ അമൃത മുറി തുറന്ന് നോക്കിയപ്പോഴാണ് രാജേഷിനെ തൂങ്ങിമരിച്ച നിലയിൽ  കണ്ടത്. ഭയന്നുപോയ അമൃത രാജേഷിന്റെ അമ്മയെ വിളിച്ചു. അവരുടെ സഹായത്തോടെയാണ് മൃതദേഹം താഴെ ഇറക്കി കിടത്തിയത്. 

അതിനുശേഷം രാജേഷിന്റെ അമ്മ അമൃതയെ അവിടെ നിര്‍ത്തി അയൽപക്കക്കാരെ വിവരമറിയിക്കാൻ പുറത്തേക്ക് ഓടിയ സമയത്താണ്  അമൃതയും തൂങ്ങി മരിച്ചത്. മിനിറ്റുകൾക്കുള്ളിൽ അമൃതയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരുവരുടേയും മൃതദേഹങ്ങൾ നിലമ്പൂർ ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.