+

പൊതുപരിപാടികളില്‍ നിന്ന് മാറി നിന്ന് ഐ സി ബാലകൃഷ്ണന്‍

വിജയന്‍ എഴുതിയ കത്തില്‍ പരാമര്‍ശിച്ച നേതാക്കള്‍ക്കെതിരെയാകും കേസെടുക്കുക.

വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്‍ ജീവനൊടുക്കിയ സംഭവത്തില്‍ പൊലീസ് ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയതോടെ കോണ്‍ഗ്രസിന്റെ ജില്ലയിലെ ഉന്നത നേതാക്കളെ ഉള്‍പ്പെടെ പ്രതിചേര്‍ക്കാന്‍ സാധ്യത. വിജയന്‍ എഴുതിയ കത്തില്‍ പരാമര്‍ശിച്ച നേതാക്കള്‍ക്കെതിരെയാകും കേസെടുക്കുക.

 ഇതിനിടെ ആരോപണ വിധേയനായ ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ പൊതുപരിപാടികളില്‍ നിന്ന് മാറി നില്‍ക്കുകയാണെന്നാണ് വിവരം. മൂന്ന് ദിവസമായി പൊതുപരിപാടികളില്‍ പങ്കെടുക്കുന്നില്ല. പൊതുപരിപാടികളില്‍ പങ്കെടുക്കാനെത്തിയാല്‍ തടയുമെന്ന് ഡിവൈഎഫ്ഐ പറഞ്ഞിരുന്നു. ഐ സി ബാലകൃഷ്ണന്‍ രാജി വെക്കുന്നത് വരെ പ്രക്ഷോഭം തുടരുമെന്നാണ് ഡിവൈഎഫ്ഐ വ്യക്തമാക്കിയിരിക്കുന്നത്.


പൊലീസ് നേരത്തെ അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. മുപ്പതോളം ആളുകളെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. കോഴ നല്‍കി വഞ്ചിക്കപ്പെട്ട മൂന്ന് ആളുകളുടെ പരാതിയില്‍ സുല്‍ത്താന്‍ബത്തേരിയിലെ കോണ്‍ഗ്രസിലെ പ്രാദേശിക നേതാക്കള്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. സഹകരണ ബാങ്കിലെ നിയമനക്കോഴ ഇടപാടുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരങ്ങള്‍ പൊലീസിനു ലഭിച്ചതോടെയാണ് ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഇതോടെ ആത്മഹത്യാ കുറിപ്പില്‍ പേര് പരാമര്‍ശിച്ച ഐസി ബാലകൃഷ്ണന്‍ എംഎല്‍എ, ഡിസിസി അധ്യക്ഷന്‍ എന്‍ഡി അപ്പച്ചന്‍, ഡിസിസി മുന്‍ പ്രസിഡന്റ് കെഎല്‍ പൗലോസ്, ഡിസിസി പ്രസിഡന്റ് കെ കെ ഗോപിനാഥന്‍ എന്നിവര്‍ക്ക് കുരുക്ക് മുറുകി.

facebook twitter