+

'സുപ്രീം കോടതിയില്‍ കേസ് നടത്തിയതിന്റെ ഫീസ് നല്‍കിയില്ല'; രാജു നാരായണ സ്വാമിക്ക് നോട്ടീസയച്ച് അഭിഭാഷകന്‍

ഈ കേസ് നടത്തിപ്പിനായി ഒരു രൂപ പോലും രാജു നാരായണ സ്വാമി നല്‍കിയില്ല.

സുപ്രിംകോടതിയില്‍ കേസ് നടത്തിയതിന്റെ ഫീസ് നല്‍കാതിരുന്ന ഐഎഎസ് ഓഫീസര്‍ക്ക് വക്കീല്‍ നോട്ടീസയച്ച് അഭിഭാഷകന്‍. സംസ്ഥാനത്തെ മുതിര്‍ന്ന ഐഎഎസ് ഓഫീസറും പാര്‍ലമെന്ററി അഫയേഴ്‌സ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ രാജു നാരായണ സ്വാമിക്കാണ് സുപ്രിംകോടതിയിലെ അഡ്വക്കറ്റ് ഓണ്‍ റെക്കോഡ് കെആര്‍ സുഭാഷ് ചന്ദ്രന്‍ വക്കീല്‍ നോട്ടീസ് അയച്ചത്.

രാജു നാരായണ സ്വാമിയുടെ കേസ് സുപ്രിംകോടതിയില്‍ അഡ്വ. കെആര്‍ സുഭാഷ് ചന്ദ്രന്‍ ആണ് കൈകാര്യം ചെയ്യുന്നത്. ഈ കേസ് നടത്തിപ്പിനായി ഒരു രൂപ പോലും രാജു നാരായണ സ്വാമി നല്‍കിയില്ല. വക്കീല്‍ ഫീസ് ഇനത്തില്‍ രണ്ട് ബില്ലുകള്‍ അഡ്വ. കെആര്‍ സുഭാഷ് ചന്ദ്രന്‍ നല്‍കി. 2024 ഒക്ടോബര്‍ 22 നല്‍കിയ ബില്‍ അനുസരിച്ച് ഫീസായി നല്‍കേണ്ടത് ഒരു ലക്ഷത്തി എണ്‍പത്തി ഏഴായിരം രൂപ. 2025 മെയ് 14ന് നല്‍കിയ ബില്‍ അനുസരിച്ച് രാജു നാരായണ സ്വാമി ഒരു ലക്ഷത്തി തൊണ്ണൂറ്റി എട്ടായിരം രൂപയും നല്‍കണം. അതായത് വക്കീല്‍ ഫീസിനത്തില്‍ രാജു നാരായണ സ്വാമി ആകെ നല്‍കേണ്ടത് മൂന്ന് ലക്ഷത്തി എണ്‍പത്തി അയ്യായിരം രൂപ. ബില്‍ തീയതി മുതലുള്ള കാലം പരിഗണിച്ച് രണ്ട് ശതമാനം പലിശയടക്കം ഫീസ് തുക നല്‍കണമെന്നും വക്കീല്‍ നോട്ടീസില്‍ ആവശ്യപ്പെടുന്നു. ഇല്ലെങ്കില്‍ തുക ഈടാക്കാനായി റിക്കവറി ഉള്‍പ്പടെയുള്ള മാര്‍ഗ്ഗങ്ങളിലേക്ക് കടക്കുമെന്നാണ് വക്കീല്‍ നോട്ടീസിലൂടെ നല്‍കിയ മുന്നറിയിപ്പ്. വക്കീല്‍ നോട്ടീസ് അയച്ചതിനുള്ള ചെലവ് ഉള്‍പ്പടെ നല്‍കണമെന്നാണ് നോട്ടീസിലെ ആവശ്യം.
കേസ് നടത്തിപ്പിനുള്ള ഫീസ് ചോദിച്ചാല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെന്ന പദവി ഉപയോഗിച്ച ഭീഷണിപ്പെടുത്തുന്നുവെന്നാണ് രാജു നാരായണ സ്വാമിക്കെതിരായ മറ്റൊരു ഗുരുതര ആക്ഷേപം. ഇത് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ നടത്തുന്ന ഓഫീസ് ദുരുപയോഗമാണ് എന്നും വക്കീല്‍ നോട്ടീസില്‍ ആക്ഷേപമുണ്ട്. സുപ്രിംകോടതിയിലെ അഭിഭാഷകനായ അനിരുദ്ധ് കെപി മുഖേനയാണ് അഡ്വ. കെആര്‍ സുഭാഷ് ചന്ദ്രന്‍ വക്കീല്‍ നോട്ടീസയച്ചത്.

facebook twitter