നാഷണല്‍ അവാര്‍ഡ് കിട്ടാത്തതിന്റെ പരിഭവം പറയുന്നത് എന്റെ മാന്യതയ്ക്ക് ചേരുന്നതായിട്ട് തോന്നുന്നില്ല ; സംവിധായകന്‍ ബ്ലെസി

02:23 PM Aug 04, 2025 | Suchithra Sivadas

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തില്‍ ആടുജീവിതം സിനിമ പരിഗണിക്കപ്പെടാതെ പോയതില്‍ പ്രതികരണവുമായി സംവിധായകന്‍ ബ്ലെസി. ആടുജീവിതത്തെ ഒരിക്കല്‍ പുകഴ്ത്തിയ അശുതോഷ് ഗോവാരിക്കര്‍ ജൂറി ചെയര്‍മാന്‍ ആയപ്പോള്‍ അഭിപ്രായം മാറ്റിപറഞ്ഞത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ലെന്ന് ബ്ലെസി പറഞ്ഞു. ലോറന്‍സ് ഓഫ് അറേബ്യയ്ക്ക് ശേഷം ഇത്രയധികം മനോഹരമായി ഷൂട്ട് ചെയ്തിട്ടുളള സിനിമ കണ്ടിട്ടില്ലെന്നാണ് അശുതോഷ് ഗോവാരിക്കര്‍ മുന്‍പ് ആടുജീവിതത്തെ കുറിച്ച് പറഞ്ഞതെന്ന് ബ്ലെസി പറയുന്നു. എന്നാല്‍ അന്ന് അങ്ങനെ പറഞ്ഞ ആള്‍ ഇന്ന് പുരസ്‌കാരത്തിന് പരിഗണിക്കാതിരിക്കാനുളള കാരണമായി പറയുന്നത് സിനിമയുടെ സാങ്കേതിക പിഴവാണ്. ഒരുപക്ഷേ ചിത്രം വീണ്ടും കണ്ടപ്പോള്‍ അദ്ദേഹത്തിന് ഇഷ്ടപ്പെട്ടിട്ടുണ്ടാകില്ലെന്ന് ബ്ലെസി പറഞ്ഞു. സിനിമ കോണ്‍ക്ലേവില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബ്ലെസി.

നാഷണല്‍ അവാര്‍ഡ് കിട്ടാത്തതിന്റെ പരിഭവം പറയുന്നത് എന്റെ മാന്യതയ്ക്ക് ചേരുന്നതായിട്ട് തോന്നുന്നില്ല. കാരണം അത്തരം അഭിപ്രായങ്ങള്‍ പറയുന്തോറും കൂടുതല്‍ കൂടുതല്‍ ഒരു ഫിലിം മേക്കര്‍ എന്ന നിലയില്‍ ഞാന്‍ ചെറുതാകുന്നതായിട്ട് എനിക്ക് തോന്നും. ജൂറി ആണ് ആര്‍ക്ക് കൊടുക്കണം എന്ന് തീരുമാനിക്കേണ്ടത്. എനിക്ക് ആകെയുള്ള വിയോജിപ്പ് എന്നുള്ളത്, കഴിഞ്ഞ ദിവസം പ്രദീപ് നായര്‍ ഏതോ മീഡിയയില്‍ പറയുന്നത് കേട്ടു അശുതോഷ് ഗോവാരിക്കര്‍ പറഞ്ഞു ആടുജീവിതത്തിന്റെ അഡാപ്‌റ്റേഷന്‍ നന്നായില്ല അല്ലെങ്കില്‍ ടെക്‌നിക്കല്‍ ക്വാളിറ്റി നന്നായില്ല എന്നതുകൊണ്ടാണ് സഹനടനും ഗാനരചയിതാവിനും അവാര്‍ഡ് കിട്ടാതെ പോയത് എന്ന്. എന്നെ അതിശയപ്പെടുത്തിയ കാര്യം അശുതോഷ് ഗോവാരിക്കര്‍ എന്നെ നേരിട്ട് കണ്ട് ആടുജീവിതത്തിനെക്കുറിച്ച് പ്രശംസിച്ച് സംസാരിച്ചിട്ടുള്ളതാണ്, ബ്ലെസി പറയുന്നു

ഞാന്‍ ബോംബെയില്‍ ഓസ്‌കര്‍ കാമ്പയിനുമായി ബന്ധപ്പെട്ടു പോയപ്പോള്‍ അദ്ദേഹം എന്നെ ഫോണില്‍ വിളിച്ച് സംസാരിക്കുകയും ലോറന്‍സ് ഓഫ് അറേബ്യയ്ക്ക് ശേഷം മരുഭൂമിയെ ഇത്രയധികം മനോഹരമായിട്ട് ഷൂട്ട് ചെയ്തതിനെക്കുറിച്ച് വളരെ അഭിനന്ദിച്ച് സംസാരിക്കുകയും പിറ്റേ ദിവസത്തേക്ക് എന്നെ ലഞ്ചിന് ക്ഷണിക്കുകയും ചെയ്തിരുന്നു. പക്ഷെ അന്ന് രാത്രി തന്നെ ഞാന്‍ മടങ്ങും എന്നുള്ളത് കൊണ്ട് അതിന് പോകാന്‍ എനിക്ക് കഴിഞ്ഞിരുന്നില്ല. അങ്ങനെ സംസാരിച്ച ഒരാളില്‍ നിന്നും ഇപ്പോള്‍ വ്യത്യസ്തമായ ഒരു കമന്റ് കേള്‍ക്കുമ്പോള്‍ അത് ഒരു ജൂറി ചെയര്‍മാന്‍ ആയതിന് ശേഷം ഉണ്ടായത് ആണല്ലോ എന്ന പബ്ലിക് അറിയാത്ത കാര്യമുണ്ട്. പല കാറ്റഗറിയിലും അവാര്‍ഡ് കിട്ടാതെപോയവരോട് കാണിക്കുന്ന നീതികേടാണ് അത് എന്നുള്ളത് കൊണ്ടാണ് ഞാന്‍ ഇതില്‍ പ്രതികരിക്കുന്നത്. മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ അതിനെക്കുറിച്ച് സംസാരിക്കുന്നു എന്നതൊക്കെ നല്ല കാര്യങ്ങളാണ്, ബ്ലെസി പറഞ്ഞു.