+

പീഡനമാണെന്ന് കരുതുന്നില്ല, അതിജീവിതയുടെ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കണം ; പ്രതിയുടെ അഭിഭാഷകന്‍

പെണ്‍കുട്ടി പീഡനത്തിനിരയായെന്ന് വ്യക്തമായിട്ടുള്ള കേസാണ് വഴിതിരിച്ചുവിടാന്‍ മുഖ്യപ്രതിയുടെ അഭിഭാഷകന്‍ ശ്രമിക്കുന്നത്.

കൊല്‍ക്കത്ത കൂട്ടബലാത്സംഗക്കേസ് വഴിതിരിച്ച് വിടാനുള്ള ശ്രമത്തില്‍ മുഖ്യപ്രതി മോണോജിത് മിശ്രയുടെ അഭിഭാഷകന്‍. സംഭവം പീഡനമാണെന്ന് കരുതുന്നില്ലെന്നും അതിജീവിതയുടെ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കണമെന്നുമാണ് പ്രതിയുടെ അഭിഭാഷകന്‍ രാജു ഗാംഗുലി ആവശ്യപ്പെട്ടിരിക്കുന്നത്. പെണ്‍കുട്ടിയുടെ കോള്‍ റെക്കോര്‍ഡുകള്‍ പരിശോധിക്കണമെന്നും പ്രതിയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. മെഡിക്കല്‍ പരിശോധനയില്‍ അടക്കം പെണ്‍കുട്ടി പീഡനത്തിനിരയായെന്ന് വ്യക്തമായിട്ടുള്ള കേസാണ് വഴിതിരിച്ചുവിടാന്‍ മുഖ്യപ്രതിയുടെ അഭിഭാഷകന്‍ ശ്രമിക്കുന്നത്.

മോണോജിത്തിനെതിരായ ആരോപണങ്ങളെപ്പറ്റി ചോദിച്ചപ്പോള്‍ എല്ലാവരും തന്നെ വില്ലനാക്കാനാണ് ശ്രമിക്കുന്നതെന്നാണ് പറഞ്ഞതെന്നാണ് അഭിഭാഷകന്‍ പറയുന്നത്. മുഖ്യപ്രതിയുടെ ശരീരത്തില്‍ നഖംകൊണ്ടുള്ള പാടുകള്‍ ഉണ്ടെന്നാണ് ആരോപണമെന്ന് പറഞ്ഞപ്പോള്‍ മോണോജിത് ഷര്‍ട്ട് അഴിച്ച് കാണിക്കുകയാണ് ചെയ്തത്. അയാളുടെ കഴുത്തില്‍ നഖംകൊണ്ട് പോറലേറ്റ ഒരുപാടാണ് താന്‍ കണ്ടത്. അതേപ്പറ്റി ചോദിച്ചപ്പോള്‍ 'സ്നേഹത്തിന്റെ അടയാളം' എന്നാണ് മോണോജിത് പറഞ്ഞത്. അത് എങ്ങനെ സംഭവിച്ചു എന്ന് ചോദിക്കുന്നതിനിടെ അവനെ പൊലീസ് പിടിച്ചുകൊണ്ട് പോവുകയാണ് ചെയ്തത്. അവന്റെ ശരീരത്തില്‍ മറ്റ് പാടുകളൊന്നും താന്‍ കണ്ടില്ല. അതിജീവിതയുടെ ഫോണ്‍ പരിശോധനയ്ക്ക് അയയ്ക്കണം. അതിന്റെ റിപ്പോര്‍ട്ട് വന്നശേഷം അതേപ്പറ്റി സംസാരിക്കാം. തന്റെ കാഴ്ചപ്പാടില്‍ ഇത് പീഡനക്കേസ് ആണെന്ന് കരുതുന്നില്ല. അതേപ്പറ്റി ജൂലൈ 20ന് ശേഷം സാംസാരിക്കാമെന്നും അഭിഭാഷകന്‍ പറയുന്നു

facebook twitter