തന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഒരു ദിവസം പോലും അവധി എടുത്തിട്ടില്ലെന്നും ജനങ്ങളുടെ ക്ഷേമത്തിനായാണ് എല്ലാ ദിവസവും പ്രവര്‍ത്തിക്കുന്നതെന്നും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു. രാവിലെ എഴുന്നേല്‍ക്കുന്നത് മുതല്‍ ഉറങ്ങാന്‍ പോകുന്നത് വരെ താന്‍ യന്ത്രം പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അന്നമയയ്യയിലെ രാജംപേട്ടില്‍ പെന്‍ഷന്‍ വിതരണ പരിപാടിക്ക് ശേഷം നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഞാന്‍ അവധിയെടുക്കുന്നത് നിങ്ങള്‍ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോയെന്നും എനിക്ക് എപ്പോഴെങ്കിലും അസുഖം വന്നിട്ടുണ്ടോയെന്നും എന്‍. ചന്ദ്രബാബു നായിഡു ചോദിച്ചു. 30 വര്‍ഷം മുമ്പ് ആദ്യമായി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത താന്‍ ജനങ്ങളുടെ ജീവിതത്തില്‍ വെളിച്ചം കൊണ്ടുവരാനാണ് കഠിനമായി പരിശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ഞാന്‍ കഠിനാധ്വാനം ചെയ്യുന്നു. വികസനത്തിനും വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനും വേണ്ടി ഔദ്യോഗിക സംവിധാനത്തെ പ്രയോജനപ്പെടുത്തുന്നു. വരുമാനം വര്‍ദ്ധിക്കുന്നതിലൂടെ നിങ്ങളുടെ കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം ലഭിക്കുകയും, നിങ്ങള്‍ക്ക് തൊഴിലവസരങ്ങള്‍ ലഭിക്കുകയും നല്ല ഭാവി ഉണ്ടാവുകയും ചെയ്യും. ഇതിന് വേണ്ടിയാണ് ഞാന്‍ ക്ഷേമ പരിപാടികള്‍ അവതരിപ്പിക്കുന്നത്'- എന്‍. ചന്ദ്രബാബു നായിഡു
1995 സെപ്റ്റംബര്‍ 1 നാണ് അന്നത്തെ ഐക്യ ആന്ധ്രാപ്രദേശില്‍ ചന്ദ്രബാബു നായിഡു ആദ്യമായി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ചടങ്ങിന് ശേഷം ഭാര്യ നര ഭുവനേശ്വരി എക്‌സിലൂടെ ചന്ദ്രബാബു നായിഡുവിനെ അഭിനന്ദിച്ചു. ജീവിതമാകെ സമര്‍പ്പിച്ച 30 വര്‍ഷത്തെ രാഷ്ട്രീയ യാത്ര പൂര്‍ത്തിയാക്കിയെന്നും അവര്‍ എക്‌സില്‍ കുറിച്ചു.