+

കുഞ്ഞിനെയും കൊണ്ട് കൂടെ വരാന്‍ പല തവണ ആവശ്യപ്പെട്ടു, ആതിര തയാറായില്ല'; കഠിനംകുളം കൊലപാതകത്തില്‍ പ്രതി

കുറിച്ചിയില്‍ ഹോം നഴ്‌സായി ജോലി നോക്കുകയായിരുന്നു ജോണ്‍സണ്‍ ഔസേപ്പ്

കുഞ്ഞിനെയും കൊണ്ട് കൂടെ വരാന്‍ പല തവണ ആവശ്യപ്പെട്ടിട്ടും ആതിര തയാറായില്ലെന്നും അതിനാലാണ് കൊലപ്പെടുത്തിയതെന്നും കഠിനംകുളം കൊലപാതകത്തില്‍ പ്രതി ജോണ്‍സണ്‍ ഔസേപ്പ്. അന്വേഷണ സംഘത്തിന് നല്‍കിയ മൊഴിയിലാണ് പ്രതി ഇക്കാര്യം പറഞ്ഞത്. പൊലീസിന്റെ പിടിയിലാകുമെന്ന് ഉറപ്പായപ്പോഴാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നും ജോണ്‍സണ്‍ പറഞ്ഞു.

കൊല്ലം സ്വദേശിയായ ജോണ്‍സണെ കോട്ടയം കുറിച്ചിയില്‍ നിന്ന് ചിങ്ങവനം പൊലീസാണ് പിടികൂടിയത്. എലിവിഷം കഴിച്ചിട്ടുണ്ടെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഇയാളെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെഞ്ഞാറമൂട് സ്വദേശി ആതിരയെ ലൈംഗികബന്ധത്തിനിടെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്. കൃത്യം നടന്ന ദിവസം പ്രതി തന്റെ പെരുമാതുറയിലെ മുറിയില്‍ നിന്നും രാവിലെ 6.30 ഓടെ ആതിര താമസിക്കുന്ന വീടിന് സമീപമെത്തി.

പിന്നീട് ആതിര മകനെ സ്‌കൂള്‍ ബസ് കയറ്റി വിടുന്ന സമയം വരെ അവിടെ ഒളിച്ച് നില്‍ക്കുകയായിരുന്നു. ഇതിനിടയില്‍ ഇരുവരും ഫോണില്‍ ആശയവിനിമയം നടത്തിയെന്നും മൊഴിയിലുണ്ട്. ആതിരയുടെ ഭര്‍ത്താവ് പൂജാരിയാണ്. ഭര്‍ത്താവ് അമ്പലത്തില്‍ പോയതും, കുട്ടി സ്‌കൂളില്‍ പോയതും ഉറപ്പുവരുത്തിയ ശേഷമായിരുന്നു പ്രതി വീടിനുള്ളില്‍ പ്രവേശിച്ചത്. വീട്ടിലെത്തിയ പ്രതിയ്ക്ക് ആതിര ചായ നല്‍കിയെന്നും മൊഴിയുണ്ട്. ഈ സമയത്ത് കൈയില്‍ കരുതിയിരുന്ന കത്തി ജോണ്‍സണ്‍ കിടപ്പുമുറിയിലെ മെത്തയ്ക്ക് അടിയില്‍ ഒളിപ്പിക്കുകയായിരുന്നു.

പിന്നീട് ശാരീരികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ കത്തിയെടുത്ത് ആതിരയുടെ കഴുത്തില്‍ കുത്തിയിറക്കുകയായിരുന്നു പ്രതി. ജോണ്‍സണ്‍ ധരിച്ചിരുന്ന ഷര്‍ട്ടില്‍ രക്തം പുരണ്ടതിനാല്‍ ഷര്‍ട്ട് വീട്ടില്‍ തന്നെ ഉപേക്ഷിച്ച ശേഷം ആതിരയുടെ ഭര്‍ത്താവിന്റെ മറ്റൊരു വസ്ത്രം ധരിച്ച് ആതിരയുടെ സ്‌കൂട്ടറില്‍ തന്നെ രക്ഷപ്പെടുകയായിരുന്നു. ആതിരയെ കൊലപ്പെടുത്തിയ ശേഷം താന്‍ സ്വയം ജീവനൊടുക്കാന്‍ ശ്രമിച്ചു എന്നും പ്രതി പറയുന്നു. എന്നാല്‍ മരിക്കാതെ വന്നാല്‍ നാട്ടുകാരുടെ മര്‍ദനമേല്‍ക്കേണ്ടിവരുമെന്ന് കരുതിയാണ് ഇത് ചെയ്യാതിരുന്നതെന്നും പ്രതി മൊഴി നല്‍കി.

കുറിച്ചിയില്‍ ഹോം നഴ്‌സായി ജോലി നോക്കുകയായിരുന്നു ജോണ്‍സണ്‍ ഔസേപ്പ്. ആതിരയുടെ ഇന്‍സ്റ്റാഗ്രാം സുഹൃത്തായിരുന്നു. ഏറെ നാളായി ആതിരയും ജോണ്‍സണും തമ്മില്‍ അടുപ്പത്തിലായിരുന്നു. വിവാഹിതനും മൂന്നു മക്കളുമുള്ള ഇയാള്‍ ഇപ്പോള്‍ കുടുംബവുമായി വേര്‍പിരിഞ്ഞാണ് കഴിയുന്നത്. കുടുംബം ഉപേക്ഷിച്ച് തന്നോടൊപ്പം വരാന്‍ ആതിരയെ ഇയാള്‍ നിര്‍ബന്ധിച്ചു. ആതിര എതിര്‍ത്തപ്പോള്‍ ഭീഷണിപ്പെടുത്തി. ആതിരയുമായി ഇയാള്‍ക്ക് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നതായും സൂചനയുണ്ട്. ആതിര ഒപ്പം പോകാത്തതിന്റെ വൈരാഗ്യമാണ് കൊലപ്പെടുത്താന്‍ കാരണമെന്നാണ് കഠിനംകുളം പൊലീസിന്റെ നിഗമനം.

facebook twitter