തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ പൊലീസ് ഇന്ന് കോടതായില്‍ റിപ്പോര്‍ട്ട് നല്‍കും. ആദ്യഘട്ടത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് ഉദ്യോഗസ്ഥയുടെ ആണ്‍സുഹൃത്തിനെ കഴിഞ്ഞ ദിവസം പ്രതി ചേര്‍ത്തിരുന്നു. ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ വകുപ്പുകള്‍ അനുസരിച്ചാണ് ആണ്‍സുഹൃത്തും ഐബി ഉദ്യോഗസ്ഥനുമായ സുകാന്തിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇക്കാര്യം പേട്ട പൊലീസ് കോടതിയെ അറിയിക്കും.
സുകാന്തിനെതിരെ പൊലീസ് ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയിട്ടില്ല. ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തുന്ന കാര്യം പൊലീസ് പരിശോധിക്കുന്നുണ്ട്. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്ന സാഹചര്യത്തില്‍ സുകാന്തിനെതിരെ ഗുരുതര വകുപ്പ് ചുമത്തിയിട്ടുണ്ടെന്നും ജാമ്യം നല്‍കരുതെന്നും പൊലീസ് കോടതിയെ അറിയിക്കും. സുകാന്തിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത കാര്യം ഐബിയെ അറിയിച്ചു. പ്രതി ചേര്‍ത്ത സാഹചര്യത്തില്‍ ഇയാള്‍ക്കെതിരെ വകുപ്പുതല നടപടി ഉടന്‍ ഉണ്ടായേക്കും.
മകളെ ആത്മഹത്യയിലേക്ക് നയിച്ചത് സുകാന്താണെന്നാണ് ഐബി ഉദ്യോഗസ്ഥയുടെ പിതാവിന്റെ ആരോപണം മകള്‍ ലൈംഗിക, സാമ്പത്തിക ചൂഷണങ്ങള്‍ക്ക് ഇരയായിട്ടുണ്ടെന്നും പിതാവ് പറഞ്ഞിരുന്നു.