ഇടുക്കി : പട്ടയ വിതരണത്തില്‍ വരുന്ന ആഗസ്റ്റ് സെപ്റ്റംബര്‍ മാസങ്ങളില്‍ ഇടുക്കി ജില്ല ഐതിഹാസിക മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ പോകുകയാണെന്ന് റവന്യു മന്ത്രി കെ. രാജന്‍. പൈനാവില്‍ റവന്യു സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കട്ടപ്പന ടൗണ്‍ഷിപ്പ് പദ്ധതിയുടെ നിയമപരമായ തടസങ്ങളെല്ലാം നീങ്ങി. അടുത്ത ആഴ്ചയോടെ അംഗീകാരം നല്‍കുകയും ഒരു മാസത്തിനുള്ളില്‍ പട്ടയം വിതരണം നിര്‍വഹിക്കുകയും ചെയ്യും. ഇടുക്കി പദ്ധതി പ്രദേശത്തെ ഭൂപ്രശ്‌നങ്ങളും പരിഹരിക്കപ്പെട്ടു. കുറ്റിയാര്‍ വാലിയിലെ 1200 പേര്‍ക്ക് സെപ്റ്റംബറില്‍ പട്ടയം നല്‍കും. അതിവേഗം സര്‍വേ പൂര്‍ത്തിയാക്കിയാണ് ഭൂമിയുടെ ഒരു രേഖയും ഇല്ലാതിരുന്നവര്‍ക്ക് ഇവിടെ അഞ്ച് മുതല്‍ പത്ത് സെന്റ് വരെ ഭൂമി ലഭ്യമാക്കുന്നത്. റവന്യു ഭൂമി കൈമാറിയ കുറിഞ്ഞി സാങ്ച്വറിയുടെ പ്രശ്‌നങ്ങള്‍ നവംബറോടെ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. ഈ വരുന്ന ആറുമാസം ഭൂമി സംബന്ധിച്ച വിഷയങ്ങളില്‍ കാര്യമായ മാറ്റങ്ങളാണ് ഇടുക്കി ജില്ലയില്‍ ഉണ്ടാകാന്‍ പോകുന്നത്. ഭൂപതിവ് നിയമ ഭേദഗതിയുടെ ചട്ടങ്ങള്‍ നിലവില്‍ വരുന്നതും ജില്ലയ്ക്ക് വലിയ ആശ്വാസം പകരും.
എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന മുദ്രാവാക്യത്തോടെ റവന്യു വകുപ്പിനെ അടിമുടി സ്മാര്‍ട്ടാക്കാനുള്ള നടപടികളാണ് നടന്നു വരുന്നത്. അതിന്റെ ഭാഗമായാണ് അറുന്നൂറിലേറെ വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളായി മാറിയത്. ഇടുക്കി ജില്ലയിലെ 68 വില്ലേജ് ഓഫീസുകളില്‍ 33 എണ്ണം സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളായി. കെട്ടിലും മട്ടിലും മാത്രമല്ല ആധുനിക ക്രമീകരണങ്ങളോടെ സൗകര്യപ്രദമായ ഓഫീസുകളായി റവന്യൂ വകുപ്പിന്റെ പൂമുഖ പടിവാതിലുകളായി ഈ ഓഫീസുകളെ മാറ്റാനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.
ഭൂപരിഷ്‌കരണ നിയമത്തിലൂടെ ചരിത്രം സൃഷ്ടിച്ച കേരളം ഭൂഭരണത്തിലും ആധുനികവത്ക്കരണം നടപ്പാക്കിയ ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായി മാറിയെന്നും റവന്യു മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് നടപ്പാക്കിയ ഡിജിറ്റല്‍ റീസര്‍വേ രാജ്യത്തിന് തന്നെ മാതൃകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് അഡ്മിനിസ്‌ട്രേറ്റീവ് റിഫോംസ് നടപ്പാക്കുന്ന 11 പദ്ധതികളിലൊന്നായി സംസ്ഥാനം ഏര്‍പ്പെടുത്തുന്ന ഡിജിറ്റല്‍ റവന്യു കാര്‍ഡ് ഇടം പിടിച്ചു. വില്ലേജ് ഓഫീസുകള്‍ വഴിയുള്ള സേവനങ്ങള്‍ ക്യു ആര്‍ കോഡും പത്തംഗ നമ്പറുമുള്ള ഡിജിറ്റല്‍ കാര്‍ഡ് വഴി ലഭിക്കും.
സര്‍ക്കാര്‍ തന്നെ ഇടപെട്ട് ജീവനക്കാര്‍ക്ക് പരമാവധി താമസ സൗകര്യം ഏര്‍പ്പെടുത്തും. ജീവനക്കാര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുകയെന്നത് സര്‍ക്കാരിന്റെ കടമയാണെന്നും റവന്യു മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാരുടെ താമസം ജില്ലയുടെ വലിയ ഒരു പ്രശ്‌നമായിരുന്നെന്നും വിദൂര സ്ഥലങ്ങളില്‍ നിന്നും ജില്ലയിലെത്തുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് താമസ സൗകര്യമൊരുക്കുന്ന പദ്ധതികള്‍ ഘട്ടം ഘട്ടമായി നടപ്പിലാക്കുമെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.
റീബില്‍ഡ് കേരള ഇനീഷ്യേറ്റീവ് പ്രകാരമുള്ള വന്യു സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ് പദ്ധതിക്ക് 12 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു. 32 ക്വാര്‍ട്ടേഴ്സുകളില്‍ 28 എണ്ണം നിര്‍മ്മാണം പൂര്‍ത്തീകരിച്ചു.
എം എം മണി എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാംകുന്നേല്‍,ജില്ലാ കളക്ടര്‍ വി വിഗ്‌നേശ്വരി, ഇടുക്കി ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി തോമസ്, എ ഡി എം ഷൈജു പി ജേക്കബ്, സബ് കളക്ടര്‍ അനൂപ് ഗാര്‍ഗ്, ഡെപ്യൂട്ടി കളക്ടര്‍ അതുല്‍ സ്വാമിനാഥന്‍, വാര്‍ഡ് മെമ്പര്‍ രാജു കല്ലറക്കല്‍ എന്നിവര്‍ സംസാരിച്ചു.