+

ഇടുക്കി സ്‌പെഷ്യല്‍ എല്ലും കപ്പയും തയ്യാറാക്കാം

കപ്പ അര കിലോ ബീഫ്(എല്ലോടുകൂടിയത്) അര കിലോ

ആവശ്യമായ ചേരുവകള്‍

കപ്പ അര കിലോ
ബീഫ്(എല്ലോടുകൂടിയത്) അര കിലോ
ചെറിയ ഉള്ളി 6 എണ്ണം
ഗരംമസാല അര ടീസ്പൂണ്‍
മുളക് പൊടി 1 ടീസ്പൂണ്‍
ഇഞ്ചി ചതച്ചത് 1 ടീസ്പൂണ്‍
പച്ചമുളക് ചതച്ചത് 1 ടീസ്പൂണ്‍
കുരുമുളക് പൊടി 1 ടീസ്പൂണ്‍
മഞ്ഞള്‍പൊടി അര ടീസ്പൂണ്‍
സവാള 1 എണ്ണം
മല്ലിപ്പൊടി അര ടീസ്പൂണ്‍
വെളുത്തുള്ളി 1 ടീസ്പൂണ്‍
ഉപ്പ്, കറിവേപ്പില, വെളിച്ചെണ്ണ, വറ്റല്‍ മുളക് ആവശ്യത്തിന്

മൂന്നു ഭാഗമായാണ് കപ്പ ബിരിയാണി തയ്യാറാക്കുന്നത്.

പാകം ചെയ്യുന്ന വിധം

1) കപ്പയില്‍ അല്പം മഞ്ഞള്‍പൊടിയും ഉപ്പും കറിവേപ്പിലയും ചേര്‍ത്ത് വേവിച്ച് വെള്ളം വാര്‍ത്തുവെക്കണം.

2) അടുപ്പില്‍ ഒരു ചീനച്ചട്ടി വെച്ച് ചൂടാകുമ്പോള്‍ പാത്രത്തില്‍ അല്പം വെളിച്ചെണ്ണയൊഴിച്ച് അതിലേക്ക് മുളകുപൊടി, മല്ലിപ്പൊടി, ഗരംമസാല
ചേരുവയില്‍ പറഞ്ഞിട്ടുള്ള ഇഞ്ചി ചതച്ചത്, പച്ചമുളക് ചതച്ചത്, ചെറിയ ഉള്ളി അരിഞ്ഞത്, കുരുമുളക് പൊടി എന്നിവ പകുതി വീതം ചേര്‍ത്ത് വഴറ്റണം. ഇതിലേക്ക് ആവശ്യത്തിന് ഉപ്പുചേര്‍ക്കാന്‍ മറക്കരുത്. ഈ കൂട്ട് നന്നായി വഴന്നുവരുമ്പോള്‍ ബീഫ് ചേര്‍ത്ത് നന്നായി വേവിച്ചെടുക്കുക. (വെള്ളം വറ്റിച്ചു കളയരുത്)

3) പിന്നീട് മറ്റൊരു ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് കടുക്, വറ്റല്‍ മുളക്, കറിവേപ്പില എന്നിവ വറവിട്ട് സവാള അരിഞ്ഞത്, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചതച്ചത്, കുരുമുളക്പൊടി, അല്പം ഉപ്പ് എന്നിവ ചേര്‍ത്ത് നല്ലപോലെ വഴറ്റുക. വഴന്നു വന്നാല്‍ വേവിച്ചുവെച്ച ബീഫ് കൂട്ട് ചേര്‍ത്തിളക്കി പത്ത് മിനിറ്റ് ചെറുതീയില്‍ അടച്ചുവെച്ച് പാകമാക്കണം. ശേഷം കപ്പ വേവിച്ചുവെച്ചത് ചേര്‍ത്ത് ഇളക്കി അടച്ചുവെച്ച് പാകമായാല്‍ തീയണക്കാം.

സ്വാദിഷ്ടമായ എല്ലും കപ്പയും റെഡിയായി. ചുടോടു കൂടി നല്ല വാഴിലയില്‍ വിളമ്പി കഴിക്കുന്നതാണ് ഉത്തമം.

facebook twitter