ഇടുക്കി : ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ടൂറിസം സെമിനാറിൽ ജില്ലയിലെ വിവിധ ടൂറിസം സാധ്യതകൾ പങ്കുവച്ചു. ഉത്തരവാദിത്ത ടൂറിസം, സാഹസിക വിനോദസഞ്ചാരം, ഹോംസ്റ്റേ, ഫാം ടൂറിസം തുടങ്ങിയ വിവിധ ടൂറിസം വിഷയങ്ങൾ സെമിനാർ ചർച്ച ചെയ്തു. ഒരു നാടിൻ്റെ സാമ്പത്തിക- സാമൂഹിക- പാരിസ്ഥിക മേഖലകളിൽ ടൂറിസത്തിന് നിർണായക സ്വാധീനം ചെലുത്താൻ സാധിക്കുമെന്ന് സെമിനാർ വിലയിരുത്തി. രാജ്യത്ത് ടൂറിസം രംഗത്ത് മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാണ് കേരളം. നമ്മുടെ നാടിൻ്റെ സാമ്പത്തിക ഭദ്രത തന്നെ ടൂറിസം രംഗത്തെ ആശ്രയിച്ചാണ്.
ഉത്തരവാദിത്ത ടൂറിസം എന്ന വിഷയത്തിൽ സംസ്ഥാന ഉത്തരവാദിത്ത ടൂറിസം സൊസൈറ്റി സി.ഇ.ഒ രൂപേഷ് കുമാർ ക്ലാസ് നയിച്ചു. ഒരു നാടിൻ്റെ സവിശേഷത, വികസനം, തദ്ദേശവാസികളുടെ തൊഴിൽ സാധ്യതകൾ എന്നിവയെല്ലാം ഉത്തരവാദിത്ത ടൂറിസത്തെ ആശ്രയിച്ചിരിക്കുന്നു. കേരളത്തിൻ്റെ ടൂറിസം മേഖല എല്ലാത്തിനെയും സ്വാംശീകരിക്കാൻ തയ്യാറാണ്. ഇതിന് ഉദാഹരമാണ് സിപ് ലൈനുകൾ, ഗ്ലാസ് ബ്രിഡ്ജ്, ക്യാരവാൻ ടൂറിസം എന്നിവ.
അഡ്വഞ്ചർ ടൂറിസം എന്ന വിഷയത്തിൽ കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി സി.ഇ.ഒ ബിനു കുര്യാക്കോസ് ക്ലാസ് നയിച്ചു.
ലാൻഡ് - എയർ- വാട്ടർ ബേസ്ഡ് സാഹസിക ടൂറിസത്തിന് ഒരു പോലെ സാധ്യതകളുള്ള സംസ്ഥാനമാണ് കേരളം. സാഹസിക ടൂറിസത്തിൻ്റെ ഭാഗമായി നൂറിലധികം സാഹസിക ടൂറിസം യൂണിറ്റുകൾ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ടെൻ്റ് ടൂറിസം, സൈക്ലിംഗ്, പക്ഷി നിരീക്ഷണം എന്നിവയും സാഹസിക ടൂറിസത്തിൻ്റെ ഭാഗമാണ്.
ഹോംസ്റ്റേ എന്ന വിഷയത്തിൽ ജില്ലാ ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ഷൈൻ കെ.എസ് ക്ലാസ് നയിച്ചു. ഒരു നാട്ടിലെ ജനങ്ങളുടെ ജീവിത രീതി, ഭക്ഷണ രീതി, തൊഴിലുകൾ, കല- സംസ്കാരം എന്നിവ അറിയാനും മനസിലാക്കാനും വിദേശികൾ ഹോംസ്റ്റേ താത്പര്യപ്പെടുന്നു. ഇത് പ്രാദേശിക തലത്തിൽ തൊഴിൽ സാധ്യതകൾ വർധിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഹോം സ്റ്റേ ആരംഭിക്കുന്നതിനുള്ള നിയമ വശങ്ങളും സെമിനാർ ചർച്ച ചെയ്തു.
ഫാം ടൂറിസം എന്ന വിഷയത്തിൽ എറണാകുളം റീജിയണൽ ജോയിൻ്റ് ഡയറക്ടർ ജി.എൽ രാജീവ് ക്ലാസ് നയിച്ചു. സമൂഹത്തിൻ്റെ സാമ്പത്തിക ഭദ്രത ടൂറിസം രംഗത്തെ ആശ്രയിച്ചാണ്. ടൂറിസം മേഖല ദൈനംദിനം മാറുകയാണ്. മാറി വരുന്ന ടൂറിസത്തിൻ്റെ ഉദാഹരണങ്ങളാണ് കയാക്കിംഗ്, സിപ് ലൈൻ, പാരാഗ്ലൈഡിംഗ്, ഗ്ലാസ് ബ്രിഡ്ജ് എന്നിവയെന്നും പറഞ്ഞു.ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി ജിതേഷ് സ്വാഗതവും ദേവികുളം ഗസ്റ്റ് ഹൗസ് മാനേജർ ഷിജു നന്ദിയും പറഞ്ഞു.