+

അവസരം ലഭിച്ചാല്‍ മണിപ്പൂര്‍ അടക്കമുള്ള കാര്യങ്ങള്‍ പ്രധാനമന്ത്രിയുമായി സംസാരിക്കും ; കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്

ഡല്‍ഹിയില്‍ കാത്തലിക് ബിഷപ്പ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ആസ്ഥാനത്ത് നടക്കുന്ന ക്രിസ്മസ് ആഘോഷപരിപാടികളിലാണ് പ്രധാനമന്ത്രി പങ്കെടുക്കുന്നത്.

വളരെയേറെ നന്ദിയോടെയാണ് പ്രധാനമന്ത്രിക്ക് ഒപ്പം ക്രിസ്മസ് പരിപാടിയില്‍ പങ്കെടുക്കുന്നതെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്. അവസരം ലഭിച്ചാല്‍ മണിപ്പൂര്‍ അടക്കമുള്ള കാര്യങ്ങള്‍ പ്രധാനമന്ത്രിയുമായി സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു.


മാര്‍പ്പാപ്പയുടെ യാത്ര ഒരുക്കുന്ന ഉത്തരവാദിത്വമാണ് തനിക്ക് ഉള്ളത്. ഇന്ത്യയിലേക്ക് ഔദ്യോഗിക ക്ഷണം പോപ്പിന് നല്‍കിയിട്ടുണ്ട്. അക്രമങ്ങള്‍ എവിടെ ഉണ്ടായാലും വേദന ഉണ്ടാക്കുന്നതാണ്. പരിഹാരം കണ്ടെത്തണമെന്നും കര്‍ദിനാള്‍ പറഞ്ഞു.

ഡിസംബര്‍ 23ന് ഡല്‍ഹിയില്‍ കാത്തലിക് ബിഷപ്പ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ആസ്ഥാനത്ത് നടക്കുന്ന ക്രിസ്മസ് ആഘോഷപരിപാടികളിലാണ് പ്രധാനമന്ത്രി പങ്കെടുക്കുന്നത്. വൈകുന്നേരം ആറര മണിക്കാണ് പരിപാടികള്‍. സിബിസിഐ പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്താണ് പരിപാടികള്‍ക്ക് അദ്ധ്യക്ഷത വഹിക്കുന്നത്.

പരിപാടിയില്‍ നിരവധി മതപുരോഹിതന്‍മാര്‍, പൗരപ്രമുഖര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുക്കും. കരോള്‍ ഗാനങ്ങളടക്കം ആഘോഷത്തിന്റെ ഭാഗമാകും. അത്താഴവിരുന്നോടെ ആഘോഷപരിപാടികള്‍ സമാപിക്കുമെന്ന് സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ റവ. ഡോ. മാത്യു കോയിക്കല്‍ അറിയിച്ചു.

facebook twitter