+

സിപിഎമ്മും ഇടതുപക്ഷവുമായാല്‍ മനസ്സമാധാനത്തോടെ വീട്ടിലിരിക്കാം, ലീഗായാല്‍ ഇഞ്ചികൃഷി നടത്തി നാട്ടുകാരെ പറ്റിച്ച് കൊട്ടാരസമാനമായി വീട്ടില്‍ കഴിയാം, കെഎം ഷാജിക്ക് കെടി ജലീലിന്റെ മറുപടി

സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനം നടത്തുന്ന മുസ്ലീം ലീഗ് നേതാവ് കെഎം ഷാജിക്കെതിരെ കെടി ജലീല്‍ എംഎല്‍എ.

കോഴിക്കോട്: സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനം നടത്തുന്ന മുസ്ലീം ലീഗ് നേതാവ് കെഎം ഷാജിക്കെതിരെ കെടി ജലീല്‍ എംഎല്‍എ. നാട്ടില്‍ ഇറങ്ങിയാല്‍ സിപിഎം കൊല്ലും കാട് കയറിയാല്‍ ആന കൊല്ലും അതാണ് അവസ്ഥയെന്ന് പിവി അന്‍വറിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് ഷാജി പറഞ്ഞിരുന്നു.

ഷാജിയുടെ പേരെടുത്ത് പറയാതെയാണ് ജലീലിന്റെ പരിഹാസം. ഇഞ്ചികൃഷി നടത്തി ലാഭം നേടിയ വ്യക്തിയാണ് താനെന്ന് നേരത്തെ ഷാജി പറഞ്ഞിരുന്നു. കണക്കില്‍പ്പെടാത്ത പണവും സ്വത്തുക്കളും കണ്ടെത്തിയതിനെ തുടര്‍ന്ന് ഷാജിക്കെതിരെ അന്വേഷണവും നടത്തി. ഇക്കാര്യം ഓര്‍മ്മപ്പെടുത്തിയാണ് ജലീല്‍ ഷാജിക്ക് മറുപടി പറഞ്ഞത്.

കെടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്,

സി.പി.എമ്മും ഇടതുപക്ഷവുമായാല്‍ പേരക്കുട്ടിയെ തൊട്ടിലില്‍ ആട്ടി മനസ്സമാധാനത്തോടെ വീട്ടിലിരിക്കാം...
ലീഗായാലോ?
'ഇഞ്ചി' കൃഷി നടത്തി, നാട്ടുകാരെ പറ്റിച്ച്, അരക്കോടി കട്ടിലിനടിയില്‍ വെച്ച്, പ്രവാസി സമ്പന്നരായ 'പാവം' മനുഷ്യരെ നാക്കു കാട്ടി പേടിപ്പിച്ച്, പിണറായിയെ നാല് തെറിയും പറഞ്ഞ്, കൊട്ടാര സമാനമായ വീട്ടില്‍, അണികളുടെ സിന്ദാബാദും കേട്ട്, യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ, തോറ്റ MLAയായി സസുഖം വാഴാം! എപ്പടീ?

 

facebook twitter