പാര്‍ട്ടി തീരുമാനിച്ചാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ കോന്നിയില്‍ മത്സരിക്കും; അടൂര്‍ പ്രകാശ്

07:37 AM Aug 15, 2025 |


പാര്‍ട്ടി തീരുമാനിച്ചാല്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ കോന്നിയില്‍ മത്സരിക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എം പി. എവിടെ നില്‍ക്കണം എന്ന് പറഞ്ഞാലും അവിടെ മത്സരിക്കും. ഇന്ന മണ്ഡലത്തില്‍ ഇന്ന ആളെ നിര്‍ത്തുമെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല. ഓരോ നിയോജകമണ്ഡലത്തിനും അതിന്റേതായ പ്രത്യേകതകള്‍ ഉണ്ടെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

യുഡിഎഫ് വിപുലീകരണ ചര്‍ച്ച ഉണ്ടാകുമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. ഇപ്പോള്‍ എല്‍ഡിഎഫില്‍ ഉള്ള ചില കക്ഷികള്‍ യുഡിഎഫിലേക്ക് വരുമെന്ന് പ്രതീക്ഷിക്കുന്നു. പണ്ട് സിപിഐ തങ്ങളോടൊപ്പമായിരുന്നു. അങ്ങനെ ഒരു ചരിത്രം കേരളത്തില്‍ ഉണ്ട്. മുന്നണി വിപുലീകരണം ഉണ്ടായില്ലെങ്കില്‍ പോലും നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തില്‍ വരുമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ അതാത് വാര്‍ഡില്‍ തീരുമാനിക്കുമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. ശശി തരൂരുമായി ബന്ധപ്പെട്ട വിഷയത്തിലും അടൂര്‍ പ്രകാശ് പ്രതികരിച്ചു. ശശി തരൂര്‍ തങ്ങളുടെ കൂടെ തന്നെ ഉണ്ടെന്നും ഒരു പ്രശ്നവുമില്ലെന്നും അടൂര്‍ പ്രകാശ് കൂട്ടിച്ചേര്‍ത്തു.

ആറ്റിങ്ങല്‍ മണ്ഡലത്തില്‍ കള്ളവോട്ട് നടന്നുവെന്ന ആരോപണവും അടൂര്‍ പ്രകാശ് ഉന്നയിച്ചു. വോട്ടര്‍ പട്ടിക വിശദമായി പരിശോധിച്ചതില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്. ഒരുലക്ഷത്തി പതിനാലായിരം കള്ളവോട്ടുകള്‍ കണ്ടെത്താന്‍ കഴിഞ്ഞതായി അടൂര്‍ പ്രകാശ് പറഞ്ഞു. ഒരേ ആളുകള്‍ക്ക് തന്നെ നാല് ഇടങ്ങളില്‍ വരെ വോട്ടുകള്‍ ഉണ്ടായിരുന്ന സാഹചര്യമുണ്ടായിരുന്നുവെന്നും അടൂര്‍ പ്രകാശ് വ്യക്തമാക്കി.