+

തന്റെ കൊക്കില്‍ ജീവനുണ്ടെങ്കില്‍ അജിത് കുമാറിനെ ഡിജിപി കസേരയില്‍ ഇരുത്തില്ല ; പി വി അന്‍വര്‍ എംഎല്‍എ

കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായ അന്വേഷണം നടത്താന്‍ കഴിഞ്ഞില്ല.

തന്റെ കൊക്കില്‍ ജീവനുണ്ടെങ്കില്‍ അജിത് കുമാറിനെ ഡിജിപി കസേരയില്‍ ഇരുത്തില്ലെന്നും പിണറായിയെയും പി ശശിയെയും വെല്ലുവിളിക്കുന്നുവെന്നും പി വി അന്‍വര്‍ എംഎല്‍എ. എം ആര്‍ അജിത്കുമാറുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ട് മാസങ്ങള്‍ കഴിഞ്ഞു. ആദ്യ ഘട്ടത്തില്‍ തന്നെ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടതാണ്.


കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായ അന്വേഷണം നടത്താന്‍ കഴിഞ്ഞില്ല. ശശിക്കെതിരെയും അജിത് കുമാറിനെതിരെയും പരാതികള്‍ ഉന്നയിച്ച ഘട്ടത്തില്‍ തന്നെ പൊതുപ്രസ്താവനകള്‍ അവസാനിപ്പിക്കണം എന്ന് അന്ന് പാര്‍ട്ടി പറഞ്ഞതാണ്. അതിനു ശേഷം മുഖ്യമന്ത്രി പി ശശിയേയും, അജിത്കുമാറിനെയും ന്യായീകരിച്ചു. അജിത് കുമാറിനെ തൊടാന്‍ പിണറായി വിജയന് സാധിക്കില്ല.

അജിത് കുമാര്‍ മുഖ്യമന്ത്രിയെയും കൊണ്ടേ പോകൂവെന്നും പിവി അന്‍വര്‍ പറഞ്ഞു. ആര്‍എസ്എസിന്റെ കരാള ഹസ്തങ്ങളില്‍ കേരളത്തിന്റെ അഭ്യന്തര വകുപ്പ് ഒതുങ്ങി. ആര്‍എസ്എസ് നേതാക്കള്‍ പറയാന്‍ മടിക്കുന്നത് ഇവിടെ സിപിഐഎം നേതാക്കള്‍ പറയുന്നു. അജിത് കുമാര്‍ വിഷയത്തില്‍ ഉള്‍പ്പടെ കെടി ജലീല്‍ കൊറേ വീമ്പ് ഇറക്കിയിരുന്നു. എവിടെ പോയി കെടി ജലീലെന്ന് ചോദിച്ച അന്‍വര്‍ ഇത്ര സംഭവങ്ങള്‍ ഉണ്ടായിട്ടും ജലീലിന് മറുപടി ഇല്ലെന്നും ആരോപിച്ചു. വിജയരാഘവന്റെ പ്രസ്താവനയില്‍ കെ ടി ജലീലിനും, വി അബ്ദുറഹ്‌മാനും, പിടിഎ റഹീമും ഒന്നും മിണ്ടുന്നില്ല. പറഞ്ഞത് ശരിയായില്ല എന്ന് പറയാന്‍ പോലും ഇവര്‍ തയ്യാറായില്ല.

അജിത് കുമാര്‍ വിഷയത്തില്‍ താന്‍ പറഞ്ഞത് ശരിയാണെന്ന് പറഞ്ഞ നേതാവായിരുന്നു വയനാട് ജില്ലാ സെക്രട്ടറി ആയിരുന്ന ഗഗാറിന്‍. പിണറായിക്കെതിരെ ചെറുവിരല്‍ അനക്കിയാല്‍ അവര്‍ പാര്‍ട്ടിയില്‍ ഉണ്ടാവില്ല. അതാണ് വയനാട് കണ്ടത്. അപശബ്ദങ്ങളെ മുഴുവന്‍ പിണറായി ഒഴിവാക്കിക്കൊണ്ടിരിക്കുകയാണ്. അവസാനത്തെ രക്തസാക്ഷിയാണ് പി ഗഗാറിന്‍, അന്‍വര്‍ പറഞ്ഞു.

facebook twitter