+

എതിര്‍ക്കാന്‍ വന്നാല്‍ സിഐടിയു പ്രവര്‍ത്തകരുടെ കൈവെട്ടി നടുറോട്ടില്‍ വലിച്ചെറിയും ; ഭീഷണയുമായി ബാബു കോട്ടയില്‍

സിമന്റ് ചാക്കുകള്‍ കയറ്റി ഇറക്കാന്‍ യന്ത്രം വെച്ചതിനെ ചൊല്ലിയാണ് ജയപ്രകാശും സിഐടിയുമായുമായി തര്‍ക്കം ഉടലെടുത്തത്.

എതിര്‍ക്കാന്‍ വന്നാല്‍ സിഐടിയു പ്രവര്‍ത്തകരുടെ കൈവെട്ടി നടുറോട്ടില്‍ വലിച്ചെറിയുമെന്ന ഭീഷണി പ്രസംഗവുമായി വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് ബാബു കോട്ടയില്‍. കുളപ്പുള്ളിയില്‍ സിഐടിയു പ്രവര്‍ത്തകരും വ്യാപാരിയും തമ്മിലുള്ള തൊഴില്‍ തര്‍ക്കത്തിനിടെ വ്യാപാരികള്‍ നടത്തിയ ധര്‍ണയിലാണ് വിവാദ പരാമര്‍ശം.

കുളപ്പുള്ളിയിലെ പ്രകാശ് സ്റ്റീല്‍സ് ആന്‍ഡ് സിമന്റ് കടയുടമ ജയപ്രകാശിന് പിന്തുണ പ്രഖ്യാപിച്ചായിരുന്നു വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചത്. ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് സിഐടിയുവിനെതിരെ ബാബു കോട്ടയില്‍ ഭീഷണി ഉയര്‍ത്തിയത്. കോടതി വിധി തങ്ങള്‍ നടപ്പാക്കുക തന്നെ ചെയ്യുമെന്ന് ബാബു കോട്ടയില്‍ പറഞ്ഞു. പൊട്ടക്കിണറ്റിലെ തവളകള്‍ മാത്രമാണ് സിഐടിയു പ്രവര്‍ത്തകരെന്നും ബാബു കോട്ടയില്‍ പറഞ്ഞു.

സിമന്റ് ചാക്കുകള്‍ കയറ്റി ഇറക്കാന്‍ യന്ത്രം വെച്ചതിനെ ചൊല്ലിയാണ് ജയപ്രകാശും സിഐടിയുമായുമായി തര്‍ക്കം ഉടലെടുത്തത്. നാല് മാസം മുന്‍പായിരുന്നു കയറ്റിറക്ക് യന്ത്രം എത്തിച്ചത്. കയറ്റിറക്ക് യന്ത്രം കൊണ്ടുവന്നതിനാല്‍ തൊഴില്‍ നഷ്ടമുണ്ടായെന്ന് ആരോപിച്ച് സിഐടിയു സമരം തുടങ്ങി. ഇതോടെ ലോഡ് ഇറക്കാന്‍ പോലും ആകാത്ത സ്ഥിതിയായിരുന്നു. പിന്നാലെ കടയുടമ കട അടയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു.

Trending :
facebook twitter