+

നരകം വേണോ പാകിസ്ഥാന്‍ വേണോ എന്ന് ചോദിച്ചാല്‍ താന്‍ തീര്‍ച്ചയായും നരകം തന്നെ തെരഞ്ഞെടുക്കും ; ജാവേദ് അക്തര്‍

'ഒരു പക്ഷത്തിനു വേണ്ടി മാത്രം സംസാരിച്ചാല്‍ ഒരു വിഭാഗം മാത്രമേ അസന്തുഷ്ടരാകൂ.

ചിലര്‍ തന്നോട് നരകത്തിലേക്ക് പോകാന്‍ ആവശ്യപ്പെടുമ്പോള്‍, മറ്റൊരു വിഭാഗം പാകിസ്ഥാനിലേക്ക് പോകാനാണ് പറയുന്നതെന്ന് ഗാനരചയിതാവ് ജാവേദ് അക്തര്‍. നരകം വേണോ പാകിസ്ഥാന്‍ വേണോ എന്ന് ചോദിച്ചാല്‍ താന്‍ തീര്‍ച്ചയായും നരകം തന്നെ തെരഞ്ഞെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. മുംബൈയില്‍ ഒരു പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ജാവേദ് അക്തര്‍. 

ഒരുപാടുപേര്‍ തന്നെ പിന്തുണയ്ക്കുകയും പ്രശംസിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഇരുവശത്തുമുള്ള തീവ്ര നിലപാടുകാരില്‍ നിന്ന് അധിക്ഷേപങ്ങളും കുത്തുവാക്കുകളും നേരിടുന്നുണ്ടെന്നും ജാവേദ് അക്തര്‍ പറഞ്ഞു. ഇരുപക്ഷവും ഏതാണെന്ന് അദ്ദേഹം വിശദീകരിച്ചിട്ടില്ല.
'ഒരു പക്ഷത്തിനു വേണ്ടി മാത്രം സംസാരിച്ചാല്‍ ഒരു വിഭാഗം മാത്രമേ അസന്തുഷ്ടരാകൂ. എന്നാല്‍ എല്ലാവര്‍ക്കും വേണ്ടി സംസാരിച്ചാല്‍ കൂടുതല്‍ പേര്‍ അസന്തുഷ്ടരാകും. എന്റെ ട്വിറ്ററും വാട്ട്സ്ആപ്പും ഞാന്‍ നിങ്ങള്‍ക്ക് കാണിച്ചുതരാം, അതില്‍ ഇരുവശത്തുനിന്നും എനിക്ക് നേരെ അധിക്ഷേപങ്ങള്‍ വര്‍ഷിക്കപ്പെടുന്നു. ധാരാളം പേര്‍ എന്നെ അഭിനന്ദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്. പക്ഷേ ഇരുവശത്തുമുള്ള തീവ്രവാദികള്‍ എന്നെ ശകാരിക്കുന്നു. ഒരു വിഭാഗം എന്നെ ശകാരിക്കുന്നത് നിര്‍ത്തിയാല്‍, എനിക്ക് എന്തോ തെറ്റ് പറ്റിയിട്ടുണ്ടെന്ന് എനിക്ക് തന്നെ തോന്നും'- ജാവേദ് അക്തര്‍ വിശദീകരിച്ചു.

ഒരു വിഭാഗം പറയുന്നത് 'നീ കാഫിര്‍' ആണെന്നും നീ നരകത്തില്‍ പോകുമെന്നുമാണ്. മറുവിഭാഗം 'നീ ജിഹാദി'യാണെന്നും പാകിസ്ഥാനിലേക്ക് പോകണമെന്നും പറയുന്നു. ഈ രണ്ട് വഴികളേയുള്ളൂവെങ്കില്‍ താന്‍ നരകത്തിലേക്ക് പോകാനാണ് ഇഷ്ടപ്പെടുന്നതെന്ന് ജാവേദ് അക്തര്‍ വിശദീകരിച്ചു. താന്‍ മുംബൈയില്‍ വരുമ്പോള്‍ 19 വയസ്സായിരുന്നു പ്രായം. ഈ നഗരവും മഹാരാഷ്ട്രയും കാരണം ഞാന്‍ ഞാനായെന്നും അദ്ദേഹം പറഞ്ഞു. 

കശ്മീരികള്‍ ഉള്ളില്‍ പാകിസ്ഥാനികളാണെന്ന് പാക് പ്രചാരണത്തെ ജാവേദ് അക്തര്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു- 'ഇത് നുണയാണ്. സ്വാതന്ത്ര്യാനന്തരം പാകിസ്ഥാന്‍ കശ്മീരിനെ ആക്രമിച്ചപ്പോള്‍, കശ്മീരികളാണ് ആദ്യ മൂന്ന് ദിവസം അവരെ തടഞ്ഞത്. അതിനുശേഷം മാത്രമാണ് നമ്മുടെ സൈന്യം എത്തിയത്. സത്യം പറഞ്ഞാല്‍ അവര്‍ക്ക് ഇന്ത്യയിലല്ലാതെ ജീവിക്കാന്‍ കഴിയില്ല. പഹല്‍ഗാമില്‍ സംഭവിച്ചത് അവരെയാണ് ഏറ്റവും വേദനിപ്പിച്ചത്. ടൂറിസം തിരിച്ചടി നേരിട്ടു. കശ്മീരികള്‍ ഇന്ത്യക്കാരാണ്. അവരില്‍ 99% പേരും ഇന്ത്യയോട് വിശ്വസ്തരാണ്.' 

facebook twitter