
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സസ് ഡെവലപ്‌മെന്റിന്റെ കീഴിലുള്ള ടെക്നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ 2025-26 അധ്യയനവര്‍ഷത്തില്‍ 11-ാം ക്ലാസ് പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. thss.ihrd.ac.in വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈന്‍ ആയും അല്ലെങ്കിൽ അതത് സ്‌കൂളുകളില്‍ നേരിട്ടെത്തി ഓഫ്‌ലൈന്‍ ആയും അപേക്ഷ നൽകാം. ഓണ്‍ലൈന്‍ മുഖേന അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി മേയ് 27ന് വൈകിട്ട് അഞ്ച് ആണ്.
110 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. എസ് സി/എസ് റ്റി വിദ്യാര്‍ഥികള്‍ക്ക് 55 രൂപ അടച്ചാൽ മതിയാകും. അതാത് സ്‌കൂളുകളുടെ ബാങ്ക് അക്കൗണ്ട് മുഖേനെ ഓണ്‍ലൈനായോ, സ്‌കൂള്‍ ക്യാഷ് കൗണ്ടറില്‍ നേരിട്ടോ അടയ്ക്കാവുന്നതാണ്. ഓണ്‍ലൈനായി അപേക്ഷിക്കുന്നവര്‍ രജിസ്‌ട്രേഷന്‍ ഫീസ് അടച്ചതിന് ശേഷം ഫീസ് അടച്ചതിന്റെ വിശദവിവരങ്ങള്‍ thss.ihrd.ac.in എന്ന ഓണ്‍ലൈന്‍ ലിങ്കില്‍ നല്‍കണം.
ഓഫ് ലൈനായി അപേക്ഷിക്കുന്നവര്‍ അപേക്ഷയും അനുബന്ധരേഖകളും രജിസ്‌ട്രേഷന്‍ ഫീസും സഹിതം മേയ് 28ന് വൈകുന്നേരം നാല് മണിക്ക് മുമ്പായി ബന്ധപ്പെട്ട സ്‌കൂളുകളില്‍ സമര്‍പ്പിക്കണം. രജിസ്‌ട്രേഷന്‍ ഫീസ് അതാത് പ്രിന്‍സിപ്പാള്‍മാരുടെ പേരിലെടുത്ത ഡിമാന്‍റ് ഡ്രാഫ്റ്റായും സ്‌കൂള്‍ ക്യാഷ് കൗണ്ടറിലും അടയ്ക്കാവുന്നതാണ്. ഫോണ്‍: 0478-2552828, 8547005030.