
\ഇന്ത്യയുടെ കടുത്ത എതിര്‍പ്പിനിടയിലും പാകിസ്ഥാന് 8500 കോടിയുടെ സഹായം നല്‍കി അന്താരാഷ്ട്ര നാണയ നിധി(ഐഎംഎഫ്). രണ്ട് തവണ ഗ്രേ ലിസ്റ്റില്‍ പെട്ട പാകിസ്ഥാന് ധനസഹായം നല്‍കരുതെന്ന് അഭ്യര്‍ത്ഥിച്ചിട്ടും ഏഴ് ബില്യണ്‍ ഡോളറിന്റെ വായ്പയിലെ രണ്ടാം ഗഡുവായി 8500 കോടി ഐഎംഎഫ് അനുവദിച്ചു. പാകിസ്ഥാന് വായ്പ നല്‍കാനുള്ള അന്താരാഷ്ട്ര നാണയ നിധി(ഐഎംഎഫ്) തീരുമാനത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ നടപടികളില്‍ നിന്നും വിട്ടു നിന്നിരുന്നു.
പാകിസ്ഥാനുള്ള ധനസഹായം നിര്‍ത്തണമെന്ന് ലോകബാങ്കിനോടും ഐഎംഎഫിനോടും നേരത്തെ അഭ്യര്‍ത്ഥിച്ചിരുന്നു. പാകിസ്ഥാന് നല്‍കുന്ന വായ്പ ലഭിക്കുന്നത് ഭീകരര്‍ക്കാണെന്ന് ഐഎംഎഫ് യോഗത്തില്‍ ഇന്ത്യ കുറ്റപ്പെടുത്തി. പാകിസ്ഥാന് പണം നല്‍കുന്നതിനോട് എതിര്‍പ്പില്ല. എന്നാല്‍ പാകിസ്ഥാനെ പോലൊരു രാജ്യം ആ പണം കൊണ്ട് എന്താണ് ചെയ്യുന്നതെന്ന് ലോകം കാണുന്നുണ്ടെന്ന് വാഷിങ്ടണില്‍ ചേര്‍ന്ന ഐഎംഎഫ് യോഗത്തില്‍ ഇന്ത്യ തുറന്നടിച്ചു.
പാകിസ്ഥാന് നല്‍കുന്ന പണം കൃത്യമായി വിനിയോഗിക്കപ്പെടുന്നില്ലെന്നും വലിയ അഴിമതികള്‍ പദ്ധതി നിര്‍വഹണത്തില്‍ നടക്കുന്നുവെന്നും ഇന്ത്യ കുറ്റപ്പെടുത്തി. പാകിസ്ഥാന്റെ കടബാധ്യത വളരെ കൂടുതലാണെന്നതും ഇന്ത്യ ഉന്നയിച്ചു. ലഷ്‌കര്‍-ഇ-തൊയ്ബ, ജെയ്ഷെ-ഇ-മുഹമ്മദ് തുടങ്ങിയ തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് പാകിസ്ഥാന് ലഭിക്കുന്ന തുക പരോക്ഷമായി ലഭിക്കുന്നുവെന്നും ഇന്ത്യ ആരോപിച്ചു. പിന്നാലെ ഇതുമായി ബന്ധപ്പെട്ട വോട്ടെടുപ്പില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നു.